രാജകുമാരിയുടെ പേര് ആലീസോ, ഷാര്‍ലറ്റോ...? വാതുവയ്പ് മുറുകുന്നു
Monday, May 4, 2015 8:44 AM IST
ലണ്ടന്‍: ബ്രിട്ടനിലെ പുതിയ രാജകുമാരിക്ക് ഇടാന്‍ സാധ്യതയുള്ള പേരുകളുടെ കൂട്ടത്തില്‍ ആലീസിനു സാധ്യത മങ്ങുന്നു. ഷാര്‍ലറ്റ് എന്ന പേരിനാണു വാതുവയ്പുകാര്‍ ഇപ്പോള്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. എലിസബത്ത്, വിക്ടോറിയ, ഒലിവിയ എന്നീ പേരുകള്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ വലിയ സ്ഥാനമുള്ളതാണു ഷാര്‍ലറ്റ് എന്ന പേരിനോടുള്ള പുതിയ പ്രതിപത്തിക്കു പ്രധാന കാരണം. ചാള്‍സ് എന്ന പേരിന്റെ സ്ത്രൈണ രൂപമാണു ഷാര്‍ലറ്റ്. പതിനെട്ടാം നൂറ്റാണ്ടിലെ ജോര്‍ജ് മൂന്നാമന്‍ രാജാവിന്റെ രാജ്ഞിയിലൂടെയാണ് ഈ പേര് പ്രശസ്തമായത്.

കേറ്റ് മിഡില്‍ടണിന്റെ സഹോദരി പിപ്പയുടെ മിഡില്‍ നെയിമും ഷാര്‍ലറ്റ് എന്നാണ്. ആലീസ് എന്ന പേരും പാരമ്പര്യത്തില്‍ ഒട്ടും പിന്നിലല്ല. രാജകുടുംബത്തിലെ രണ്ടു മുന്‍തലമുറകളില്‍ ഓരോ ആലീസുമാര്‍ ഉണ്ടായിരുന്നു. ഇതിലൊരാള്‍ ഫിലിപ്പ് രാജകുമാരന്റെ അമ്മ, മറ്റൊരാള്‍ വിക്ടോറിയ രാജ്ഞിയുടെ മൂന്നാമത്തെ മകള്‍. അടുത്ത ബന്ധുക്കള്‍തന്നെയായ മറ്റു മൂന്ന് ആലീസുമാര്‍ കൂടിയുണ്ട് രാജകുടുംബത്തിനു മറക്കാന്‍ കഴിയാത്തവരായി.

ഇംഗ്ളണ്ടിലും വെയില്‍സില്‍ 2013ല്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ക്കു നല്‍കപ്പെട്ട പേരാണ് ഒലിവിയ. ഇതിനു പക്ഷേ രാജകുടുംബവുമായി നേരിട്ടു ബന്ധമൊന്നുമില്ല. എന്നാല്‍, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായ പെണ്‍നാമങ്ങള്‍ വിക്ടോറിയയും എലിസബത്തും തന്നെ. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയാണു വിക്ടോറിയ രാജ്ഞി. ആ റിക്കാര്‍ഡ് തിരുത്താന്‍ ഇപ്പോഴത്തെ എലിസബത്ത് രാജ്ഞിക്കു വേണ്ടത് ഏതാനും മാസങ്ങള്‍കൂടി മാത്രം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍