സൌദിയില്‍ വിമാനങ്ങള്‍ക്കുള്ള ഇന്ധന വില കുറക്കാന്‍ മന്ത്രിസഭാ തീരുമാനം
Monday, May 4, 2015 8:38 AM IST
ദമാം: സൌദിയിലെ എല്ലാ വിമാനത്താവളങ്ങളിലും വിമാങ്ങള്‍ക്കുള്ള ഇന്ധനവില കുറയ്ക്കുന്നതിനു സൌദി മന്ത്രിസഭ തീരുമാനിച്ചു.

മേഖലയിലെ വിമാനത്താവളങ്ങളില്‍ ഇന്ധനത്തിനുള്ള വിലക്കനുസൃതമായി എല്ലാ വിമാനത്താവളങ്ങളിലും വില കുറച്ചു നല്‍കാന്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗം പൊതുമേഖല എണ്ണകമ്പനിയായ സൌദി അരാംകോയോടു നിര്‍ദേശിച്ചു.

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ര വിമാനത്താവളം, ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളം എന്നിവിടങ്ങളില്‍ ലിറ്ററിനു 15 ഹലാലയും മറ്റു വിമാനത്താവളങ്ങളില്‍ 20 ഹലാലയുമാണു കുറവു വരുത്തുക.

സൌദിയിലെ വിമാനത്താവളങ്ങളില്‍നിന്ന് ഇന്ധനം നിറയ്ക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും വിലക്കുറവിന്റെ ആനുകുല്യം ലഭിക്കും.

സൌദി കിരീടവകാശിയായി ചുമതലയേറ്റ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനേയും രണ്ടാം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനേയും സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വഗതം ചെയ്തു. കിരീടവകാശിയായിരുന്ന മുഖ്രിന്‍ രാജകുമാരന്റ സേവനങ്ങള്‍ക്കു മന്ത്രിസഭ നന്ദി രേഖപ്പെടുത്തുന്നതായി സല്‍മാന്‍ രാജാവ് മന്ത്രിസഭയെ അറിയിച്ചു. മന്ത്രിസഭ ചേരുന്നതിന്റെ മുന്നോടിയായി നേരത്തേ പുതിയ മന്ത്രിമാര്‍ സല്‍മാന്‍ രാജാവിന്റ മുന്നില്‍ സത്യപ്രതിഞ്ജ ചെയ്തു.

നിരവധി മേഖലകളില്‍ ഭീകരാക്രമണം നടത്താനുള്ള നീക്കത്തെ തകര്‍ത്ത സൌദി ആഭ്യന്തര മന്ത്രാലയത്തെ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രകീര്‍ത്തിച്ചു. രാജ്യത്തിന്റ സുരക്ഷയെ കാത്തു സുക്ഷിക്കല്‍ സൌദിയിലെ ഓരോ വിദേശിയുടെയും സ്വദേശിയുടെയും കടമയാണെന്നു മന്ത്രിസഭ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം