സല്‍മാന്‍ രാജാവിന്റ ഭരണം നൂറു ദിവസം പിന്നിട്ടു
Monday, May 4, 2015 8:11 AM IST
റിയാദ്: സൌദി ഭരണാധികാരിയായിരുന്ന അബ്ദുള്ള രാജാവിന്റെ വിയോഗത്തെ ത്തുടര്‍ന്നു പിന്‍ഗാമിയായി രാജ്യത്തെ നയിക്കാന്‍ സ്ഥാനമേറ്റ സല്‍മാന്‍ രാജാവ് നൂറു ദിനങ്ങള്‍ പിന്നിട്ടു. വ്യക്തമായ കാഴ്ചപ്പാടുള്ള ശക്തനായ ഭരണാധികാരിയുടെ ഭരണമികവുകള്‍ ലോകത്തിനു വ്യക്തമാക്കി കൊടുക്കുന്നതായിരുന്നു പിന്നിട്ട നൂറു ദിനങ്ങള്‍.

നിര്‍ണായകമായ 50 ഉത്തരവുകള്‍ അദ്ദേഹം പുറപ്പെടുവിച്ചു. അധികാരമേറ്റടുത്ത ആദ്യ 10 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ സല്‍മാന്‍ രാജാവിന്റെ ഭരണമികവു വീക്ഷിച്ച യുഎന്‍ സെക്രട്ടറി ബാന്‍കി മൂന്‍ പ്രതികരിച്ചതിങ്ങനെ സല്‍മാന്‍ രാജാവിന്റെ 10 ദിനങ്ങള്‍ നൂറു ദിനങ്ങള്‍ക്കു തുല്യം എന്നാണ്.

ഭരണമേറ്റടുത്ത ഉടന്‍തന്നെ പൊതുമാപ്പ് പ്രഖ്യാപനത്തിലുടെ നൂറു കണക്കിനു വിദേശികളേയും സ്വദേശികളെയും ജയിലില്‍നിന്നു വിട്ടയച്ചു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാര്‍ക്കെല്ലാം രണ്ടു മാസത്തെ വേതനം അധികമായി പ്രഖ്യാപിച്ചു.

നേരത്തേ പ്രവര്‍ത്തിച്ചു വന്നിരുന്ന പല സമിതികളും പിരിച്ചുവിട്ട് ദേശീയ സുരക്ഷാ സമിതി, ദേശീയ സാമ്പത്തിക സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ക്കു അദ്ദേഹം രൂപം നല്‍കി. . രണ്ടാം കീരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ സുരക്ഷാ സമിതിയുടേ അധ്യക്ഷനായും ദേശീയ സാമ്പത്തിക സമിതിയുടെ തലവനായി പ്രതിരോധമന്ത്രിയും തന്റെ പുത്രനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ചു.

അയല്‍രാജ്യമായ യെമനില്‍ ഇറാന്‍ സഹായത്തോടെ ഭരണം അട്ടിമറിച്ച് അധികാരം പിടിച്ചടക്കിയ ഹൂതി സൈന്യം യെമനിനു ശേഷം സൌദി സുരക്ഷയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നുവെന്നു മണത്തറിഞ്ഞ സല്‍മാന്‍ രാജാവ് അവസരോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

കഴിഞ്ഞ മാര്‍ച്ച് 21നു റിയാദിലെ അല്‍ അൌജാ കൊട്ടാരത്തില്‍ ഗള്‍ഫ് രാജ്യ ഭരണാധികാരികളെ വിളിച്ചുവരുത്തിയ അദ്ദേഹം ഹൂതികളുടെ നീക്കം സൌദിക്കു മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒന്നടങ്കം ഭീഷണിയാണെന്നും ഹൂതികളെ കരുവാക്കി ഇറാന്‍ നടത്തുന്ന നീക്കത്തിനു ചുട്ട മറുപടി നല്‍കണമെന്നു ഗള്‍ഫ് രാജ്യങ്ങളെ ധരിപ്പിച്ചു. സൌദിയുടെ നേതൃത്വത്തില്‍ത്തന്നെ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്തി സഖ്യസേന രൂപീകരിച്ചു സൈനിക നടപടിക്കു ആരംഭിച്ചത് അമേരിക്കയെ പോലും ഞെട്ടിച്ചു. നാല് ആഴ്ച നീണ്ടുനിന്ന വ്യോമാക്രമണത്തില്‍ ഹൂതികളുടെ ആധിപത്യം തകരുന്ന കാഴ്ചയാണു കണ്ടത്. മാത്രവുമല്ല, ഇറാനു ശക്തമായ താക്കീതു നല്‍കാനും കഴിഞ്ഞു.

എന്നാല്‍, ഏറ്റവും ഒടുവില്‍ നടത്തിയ ഉത്തരവ് എല്ലാവരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. തന്റെ പിന്‍ഗാമിയായ മുഖ്രിന്‍ രാജകുമാരനെ മാറ്റുകയും തന്റെ മകനെ രണ്ടാം കീരീടവകാശിയാക്കിക്കൊണ്ടുള്ള ഉത്തരവായിരുന്നു അത്. 40 വര്‍ഷമായി വിദേശകാര്യ മന്ത്രിയായി തുടരുന്ന സൌദ് ഫൈസലിനേയും അദ്ദേഹത്തിന്റ നിര്‍ദേശം മാനിച്ചാണങ്കില്‍പ്പോലും മാറ്റിയത് ലോകം വിസ്മയത്തോടെയാണു വീക്ഷിച്ചത്.

63 വര്‍ഷം മുമ്പ്, സൌദിയുടെ തലസ്ഥാനനഗരിയായ റിയാദിന്റെ ഉപ ഗവര്‍ണറായി നിയമിതനായി തുടങ്ങിയ അദ്ദേഹത്തിന്റെ ഭരണ അനുഭവ പരിചയമാണു ധീരമായ ഉത്തരവുകളിലൂടെ അവ നടപ്പാക്കുന്നതിന്റെയും പിന്നിലെ രഹസ്യമെന്നാണ് അദ്ദേഹത്തെക്കുറിച്ചു വിലയിരുത്തുന്നവരുടെ പക്ഷം.