പരാതിക്കാരനെക്കുറിച്ചു വിവരമില്ല; നാരായണന്റെ കേസ് ഒരു മാസത്തേക്കുകൂടി നീട്ടി
Monday, May 4, 2015 8:11 AM IST
റിയാദ്: സര്‍വീസ് സ്റേഷനില്‍നിന്നു സ്വദേശിയുടെ വാഹനം കളവുപോയതിനെത്തുടര്‍ന്ന് അഞ്ചു വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം ഒന്നര മാസം മുന്‍പ് മോചിതനായ മലപ്പുറം ജില്ലയിലെ പൊന്നാനി മങ്ങാരത്ത് നാരായണന്റെ (55) കേസ് തീര്‍പ്പാക്കുന്നതിനായി കോടതി ഞായറാഴ്ച വിളിച്ചെങ്കിലും പരാതിക്കാരനെക്കുറിച്ചു വിവരമൊന്നും ലഭിക്കാത്തതിനാല്‍ ജൂണ്‍ ഏഴിനു വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു.

സ്പോണ്‍സര്‍ മരിച്ചതിനെത്തുടര്‍ന്ന് 20 വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന നാരായണന്‍ ജയില്‍ മോചിതനായെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നാടണയാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം.

ഞായറാഴ്ച രാവിലെ എട്ടിന് നാരായണന്‍ എംബസി ഉദ്യോഗസ്ഥനായ വസിയുള്ളയോടും സാമൂഹ്യ പ്രവര്‍ത്തകനായ ലത്തീഫ് തെച്ചിയോടുമൊപ്പമാണ് കോടതിയില്‍ ഹാജരായത്. പരാതിക്കാരനായ സ്വദേശി പൌരന്‍ ഗാംന്ദി ബിന്‍ റാഷിദ് അല്‍ റാഷിദ് മൂന്നു വര്‍ഷം മുന്‍പ് കേസില്‍ വിധി വന്ന ദിവസമാണ് അവസാനമായി കോടതിയില്‍ ഹാജരായത്. അതിനുശേഷം ഒരിക്കല്‍ പോലും കോടതിയുമായി ബന്ധപ്പെടുകയോ കേസിന്റെ പുരോഗതി അന്വേഷിക്കുകയോ ചെയ്തിട്ടില്ല. പരാതിക്കാരന്‍ ഒരുപക്ഷേ മരണപ്പെട്ടിരിക്കാമെന്നും അതിനാല്‍ കേസ് രജിസ്റര്‍ ചെയ്ത നസീം പോലീസ് സ്റേഷനില്‍ പോയി അദ്ദേഹത്തിന്റേയോ ബന്ധുക്കളുടേയോ വിവരം അന്വേഷിച്ച് കോടതിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടണമെന്നും ലത്തീഫ് തെച്ചിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഇന്നുതന്നെ കോടതി കേസ് തീര്‍പ്പാക്കുന്നത് സംബന്ധിച്ച ഉപദേശങ്ങള്‍ തേടി റിയാദ് ഗവര്‍ണറേറ്റിലേക്കും എഴുത്തയച്ചിട്ടുണ്ടത്രെ.

വണ്ടി കളവു പോയ കേസില്‍ നാരയണന് ഉത്തരവാദിത്വമുണ്െടന്ന് കണ്െടത്തിയ കോടതി 1,15,000 റിയാല്‍ നാരായണന്‍ പരാതിക്കാരന് നല്‍കണമെന്ന് വിധിച്ചിരുന്നു. എന്നാല്‍ നാട്ടിലോ സൌദിയിലോ നാരായണന് ഈ പണമടക്കാനുള്ള ആസ്തിയില്ലെന്ന് കണ്െടത്തിയ കോടതി അദ്ദേഹം പാപ്പരാണെന്ന് വിധിച്ചാണ് പുറത്തു വിടാന്‍ ഉത്തരവിട്ടത്. പരാതിക്കാരന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടെ ലഭിച്ചെങ്കില്‍ മാത്രമെ നാരായണന് നാട്ടില്‍ പോകാന്‍ സാധിക്കുകയുള്ളു. അതു ലഭിച്ചില്ലെങ്കില്‍ ഗവര്‍ണറേറ്റില്‍ നിന്നും നേരിട്ട് ഉത്തരവു ലഭിക്കണം. ഇതിനുള്ള ശ്രമങ്ങള്‍ കേസ് വിളിച്ചിരിക്കുന്ന ജൂണ്‍ ഏഴിനു മുന്‍പ് നടത്തുമെന്നും ഏതു വിധേനയും നാരായണനെ നാട്ടിലെത്തിക്കുമെന്നും ലത്തീഫ് തെച്ചി പറഞ്ഞു. ലത്തീഫിനോടൊപ്പം സഹായവുമായി സാമൂഹ്യ പ്രവര്‍ത്തകരായ റഷീദ് പൂക്കാട്ടുപടി, നൌഷാദ്, അന്‍ഷാദ്, ദീപക്, സുനില്‍, നിമേഷ് എന്നിവരുമുണ്ട്. നാരായണന്റെ കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കി അദ്ദേഹത്തെ നാട്ടിലെത്തിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും എംബസിയോടാവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലെ സാമൂഹ്യ ക്ഷേമ വിഭാഗത്തിലെ അറ്റാഷേ വിവേകാനന്ദന്‍ കേസിന്റെ പുരോഗതി വിലയിരുത്തി എല്ലാ സഹായവുമായി രംഗത്തുണ്ട്. നാരായണന്‍ ജയില്‍ മോചിതനായി നേരെ പോയത് സുഹൃത്തായ കോഴിക്കോട് സ്വദേശി മുഹമ്മദ് കോയയുടെ റൂമിലേക്കാണ്. ഒന്നര മാസമായി നാരായണന് എല്ലാ സഹായവുമായി പരിപാലിക്കുന്നത് മുഹമ്മദ് കോയയാണ്.

നാരായണന്‍ ജയില്‍ മോചിതനായി എന്നറിഞ്ഞത് മുതല്‍ ഏറെ ആകാംക്ഷയോടെ ഭാര്യ ഷീജയും ഏക മകന്‍ അജിതും സഹോദരന്‍ വിശ്വനാഥനും അമ്മയും കാത്തിരിക്കുകയാണ്. നാരായണന്‍ ജയിലിലായതോടെ പഠനം നിര്‍ത്തിയ മകന്‍ അജിത്ത് ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍