'കോഴിക്കോട് വിമാനത്താവളം ഭാഗികമായി അടച്ചുപൂട്ടിയ തീരുമാനം പ്രവാസികളോടുള്ള ക്രൂരത'
Monday, May 4, 2015 8:05 AM IST
കുവൈറ്റ് സിറ്റി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം രണ്ടുവര്‍ഷത്തേക്കു ഭാഗികമായി അടച്ചുപൂട്ടിയ അധികൃതരുടെ നടപടി മലബാര്‍ മേഖലയിലെ പ്രവാസികളോടുള്ള ക്രൂരതയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് കേരള ഘടകം പ്രസിഡന്റ് മുസ്തഫ മുളയങ്കാവ്.

സിറ്റിയിലെ രാജധാനി ഹാളില്‍ നടന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് കേരള ഘടകം സിറ്റി മേഖലയിലെ ബ്രാഞ്ചുകളുടെ പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുവൈറ്റ് ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആശങ്ക അകറ്റാതെയും യാതൊരുവിധ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയുമാണ് അധികൃതര്‍ ഈ നടപടി കൈക്കൊണ്ടിട്ടുള്ളത്. രാജ്യത്ത് യാത്രക്കാരുടെ എണ്ണംകൊണ്ടു മുന്‍പന്തിയില്‍നില്‍ക്കുന്ന വിമാനത്താവളങ്ങളിലൊന്നായ കോഴിക്കോട് വിമാനത്താവളം നിലവില്‍ വന്നിട്ട് കാല്‍നൂറ്റാണ്ടുകളോളം പിന്നിട്ടിട്ടും അതിനിടെ യഥാസമയം നടത്തേണ്ടതായ അറ്റകുറ്റപ്പണികളിലെ അനാസ്ഥ മൂലമാണ് ഇന്ന് ഈ ഗുരുതരമായ അവസ്ഥയിലേക്കു വിമാനത്താവളത്തെ കൊണ്െടത്തിച്ചത്. തുടക്കത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക് ആറുമാസവും ശേഷം ഒരു വര്‍ഷവുമാണ് കാലാവധി പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ രണ്ടുവര്‍ഷത്തേക്കാണ് അടച്ചുപൂട്ടിയിരിക്കുന്നത്. അതില്‍ത്തന്നെ സ്ഥിരതയില്ല. തെറ്റിദ്ധാരണകള്‍ പരത്തി വഞ്ചനാപരമായ നിലപാട് കൈക്കൊണ്ട നടപടിക്കെതിരെ മലബാറിലെ മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും പ്രവാസികളോടു മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കാലയളവില്‍ മറ്റുവിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരുന്ന മലാബാര്‍ മേഖലയിലെ പ്രവാസികളുടെ യാത്രാ ദുരിതങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. അവരെ ചൂഷണം ചെയ്യാനുള്ള ബിസിനസ് ലോബികള്‍ ഇപ്പോള്‍ത്തന്നെ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. ആശ്വാസകരമായ തീരുമാനം സര്‍ക്കാരുകളില്‍നിന്ന് ഉണ്ടാകാതിരിക്കുന്നപക്ഷം പ്രവാസികളെ അണിനിരത്തി പ്രക്ഷോഭപരിപാടികള്‍ക്കു സോഷ്യല്‍ ഫോറം തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ഘടകം സംസ്ഥാനസമിതി അംഗം നൌഷാദ് കണ്ണൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സെക്രട്ടറി നിധില്‍ നിര്‍മല്‍ ഉദ്ഘാടനം ചെയ്തു.

സാല്‍മിയ, ഹവല്ലി, കുവൈറ്റ് സിറ്റി, ശര്‍ഖ് എന്നീ ബ്രാഞ്ചുകളുടെ പ്രഖ്യാപനം ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് തമിഴ്നാട് ഘടകം പ്രസിഡന്റ് ഷക്കീല്‍ അഹമ്മദ് നിര്‍വഹിച്ചു. യോഗത്തില്‍ കേരള ഘടകം സംസ്ഥാനസമിതി അംഗം മജീദ് ഊരകം സന്നിഹിതനായിരുന്നു. സിറ്റി മേഖല സെക്രട്ടറി ഷാഹുല്‍ ഹമീദ് സ്വാഗതവും കേരള ഘടകം സെക്രട്ടറി നവാസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍