ഗുഡ്ഗാവ് രൂപത നിലവില്‍ വന്നു
Saturday, May 2, 2015 9:40 AM IST
ന്യൂഡല്‍ഹി: മലങ്കര കത്തോലിക്കാ സഭയ്ക്കു ധന്യതയേകി വിസ്തീര്‍ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രൂപതയായ ഡല്‍ഹിയിലെ പുതിയ ഗുഡ്ഗാവ് രൂപത നിലവില്‍ വന്നു. രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാന്‍ ജേക്കബ് മാര്‍ ബര്‍ണബാസിന്റെ സ്ഥാനോഹരണവും വിശ്വാസതീക്ഷ്ണമായ ചടങ്ങുകളോടെ നടന്നു.

ഡല്‍ഹിയിലെ നേബ് സരായിയിലുള്ള സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ വെള്ളിയാഴ്ച രാവിലെ നടന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു മലങ്കര കത്തോലിക്കാ സഭയുടെ തലവനും സിബിസിഐ പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ നേതൃത്വം നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, ആര്‍ച്ച്ബിഷപ്പുമാരായ തോമസ് മാര്‍ കൂറിലോസ്, ഡോ. അനില്‍ കൂട്ടോ, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. വിന്‍സന്റ് എം. കോണ്‍സസാവോ എന്നിവരും മലങ്കര സഭയിലെ മെത്രാന്മാരും പങ്കാളികളായി.

മെത്രാന്മാരായ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍, ഡോ. ഓസ്വാള്‍ഡ് ലൂയീസ്, ഡോ. ഫ്രാന്‍സിസ് കലിസ്ത്, ഡോ. ഉദുമ ബാല, ഡോ. സാല്‍വത്തോറെ ലോബോ, സാമുവല്‍ മാര്‍ ഐറേനിയോസ്, ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, വിന്‍സന്റ് മാര്‍ പൌലോസ്, തോമസ് മാര്‍ യൌസേബിയോസ്, ഫിലിപ്പോസ് മാര്‍ സ്െറ്റഫാനിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റം, ഏബ്രഹാം മാര്‍ യൂലിയോസ്, പൂനയിലെ നിയുക്ത മെത്രാന്‍ തോമസ് മാര്‍ അന്തോനിയോസ് തുടങ്ങിയവരാണു ചടങ്ങുകളില്‍ പങ്കെടുത്തത്.

പിന്നീടു നടന്ന അനുമോദന സമ്മേളനം കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഉദ്ഘാടനം ചെയ്തു. കര്‍ദിനാള്‍ മാര്‍ ക്ളീമിസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ മുഖ്യാതിഥിയായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധിയായി വത്തിക്കാന്‍ നുണ്‍ഷ്യോ സാല്‍വത്തോറെ പെനാക്കിയോ അനുഗ്രഹപ്രഭാഷണം നടത്തി.

ഇന്ത്യയിലെ വടക്കുകിഴക്കു മേഖലകളിലുള്ള 22 സംസ്ഥാനങ്ങളാണു ഗുഡ്ഗാവ് രൂപതയ്ക്കു കീഴിലുള്ളത്. വിസ്തീര്‍ണത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കത്തോലിക്കാ രൂപതകളിലൊന്നാണു ഗുഡ്ഗാവ്. രാജ്യത്തെ 170-ാം കത്തോലിക്കാ രൂപതയാണിത്.

മലങ്കര സഭയുടെ ബാഹ്യകേരള അപ്പസ്തോലിക് വിസിറ്റേറ്റര്‍ എന്ന നിലയില്‍ എട്ടുവര്‍ഷമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്.

ക്രൈസ്തവര്‍ സംഭാവന ചെയ്തതു നന്മയും സമാധാനവും: മനോഹര്‍ പരീക്കര്‍


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നന്മയും സമാധാനവുമാണു ക്രൈസ്തവര്‍ സംഭാവന ചെയ്തതെന്നു കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സഹോദര മതങ്ങള്‍ക്കെതിരേ ആക്രമണങ്ങളുണ്ടാകുമ്പോള്‍ മൌനം പാലിക്കുന്നതു മനുഷ്യത്വവും ഭാരതീയതയും അല്ലെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

മദര്‍ തെരേസ അടക്കമുള്ളവര്‍ രാജ്യത്തു മതം മാറ്റുകയല്ല, മറിച്ചു പാവങ്ങളുടെ ഹൃദയത്തില്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റേയും മാറ്റമാണു വരുത്തിയതെന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍. കത്തോലിക്കാ സഭകളുടെ പ്രവര്‍ത്തന മറ്റുള്ളവരെ വേദനിപ്പിക്കാതെ ക്രിസ്തുവിന്റെ സ്നേഹം പ്രചരിപ്പിക്കുകയാണു തങ്ങളുടെ ദൌത്യമെന്നും അതു തുടരുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസോലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. മലങ്കര കത്തോലിക്ക സഭയുടെ ഇന്ത്യയിലെ ഏറ്റവും വലിയ രൂപതയായ ഗുഡ്ഗാവിന്റെ സ്ഥാപനത്തോടും പ്രഥമ ബിഷപ്പായി ജേക്കബ് മാര്‍ ബര്‍ണബാസിന്റെ സ്ഥാനാരോഹണത്തോടും അനുബന്ധിച്ചു ഡല്‍ഹിയിലെ നേബ് സരായിയില്‍ വെള്ളിയാഴ്ച നടന്ന പൊതുസമ്മേളനത്തിലാണ് ഈ പ്രസ്താവനകള്‍.

നേപ്പാള്‍ ഭൂകമ്പ ബാധിതര്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ ഗഡു സംഭാവനായി അഞ്ചു ലക്ഷം രൂപ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് ബാവ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കറിനു കൈമാറി. നേപ്പാള്‍ ദുരിതാശ്വാസത്തിനായി ആദ്യമായി തനിക്കു ലഭിക്കുന്ന തുക ഗുഡ്ഗാവ് രൂപതയുടെ ആദ്യ പ്രവര്‍ത്തനമാണെന്നതില്‍ സന്തോഷമുണ്െടന്നു പ്രതിരോധമന്ത്രി പരീക്കര്‍ പറഞ്ഞു. പുതിയ രൂപതയായിട്ടും പള്ളി പണിയുന്നതിനേക്കാള്‍ പ്രാമുഖ്യം അവശതയനുഭവിക്കുന്നവരെ സഹായിക്കുകയെന്നതാണെന്നു കര്‍ദിനാള്‍ മാര്‍ ക്ളീമിസ് പറഞ്ഞു.

ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ ഏറെ ദുഃഖിപ്പിച്ചുവെന്നു മുഖ്യമന്ത്രി കേജരിവാള്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരേ നടപടി ഉണ്ടാകും. പക്ഷേ, വിദ്വേഷവും ദുഷ്ടതയും മാറി ഹൃദയത്തില്‍ സ്നേഹം നിറയ്ക്കാനാകണം ദൈവത്തോടു നാം പ്രാര്‍ഥിക്കേണ്ടത്. അവരുടെ മനസു മാറട്ടെ: കേജരിവാള്‍ പറഞ്ഞു.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ അനുഗ്രഹ പ്രഭാഷണം നടത്തി. ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ത്തോമാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ പൌലോസ്, ഒഐസി സുപ്പീരിയര്‍ ജനറല്‍ ഡോ. ജോസ് കുരുവിള, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. എബ്രഹാം പട്യാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് മറുപടി പ്രസംഗം നടത്തി. മോണ്‍. ഡാനിയേല്‍ കുഴിത്തടത്തില്‍ കോര്‍ എപ്പിസ്കോപ്പ സ്വാഗതവും ബാഹ്യ കേരള കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. വര്‍ഗീസ് മറ്റമന നന്ദിയും പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മുന്‍ അംഗം ഡോ. സിറിയക് തോമസ്, മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപി, ഛത്തര്‍പൂര്‍ എംഎല്‍എ കര്‍ത്ത സിംഗ് തന്‍വര്‍, ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം, വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ ഫസ്റ് കൌണ്‍സിലര്‍ മോണ്‍. റോമാനസ് മബേന, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. സി. ജോസഫ്, കോര്‍ കമ്മിറ്റിയംഗം ഫാ. ജോണ്‍ കൊച്ചുതുണ്ടില്‍, ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസിന്റെ പിതാവ് ഏറത്ത് ഗീവര്‍ഗീസും അമ്മ റേയ്ച്ചലും മറ്റു കുടുംബാംഗങ്ങളും വൈദികര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവരും വിശ്വാസികളുടെ വലിയ ജനാവലിയും ചടങ്ങിനു സാക്ഷികളായി.

എഐസിസി വക്താവ് ടോം വടക്കന്‍, ഫോര്‍വേഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍, ആര്‍ജെഡി നേതാവ് അനു ചാക്കോ, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ കമര്‍ അഹമ്മദ്, അംഗം ഏബ്രഹാം പട്യാനി, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, കേന്ദ്ര ജോയിന്റ് സെക്രട്ടറി വി.പി. ജോയി, ആദായനികുതി കമ്മീഷണര്‍ സക്കീര്‍ തോമസ്, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുടെ സെക്രട്ടറി പി.ജെ. ആന്റണി, വ്യവസായ പ്രമുഖന്‍ മുത്തൂറ്റ് എം. ജോര്‍ജ്, എന്‍എസ്എസ് വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍ തുടങ്ങിയവരും രാവിലെ നേബ് സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകളിലും രാത്രി ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന അത്താഴവിരുന്നിനുമെത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് കള്ളിവയലില്‍