ചാരവിവാദം മെര്‍ക്കല്‍ ഗവണ്‍മെന്റിനു നാണക്കേടായി
Saturday, May 2, 2015 8:26 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാരസംഘടന യൂറോപ്യന്‍ രാജ്യങ്ങളെ നിരീക്ഷിക്കാന്‍ അമേരിക്കന്‍ ചാര സംഘടനയെ സഹായിച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍ ആംഗല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള ജര്‍മന്‍ സര്‍ക്കാരിനു നാണക്കേടാകുന്നു.

ചാന്‍ലസറുടെ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ചാരസംഘടനയാണ് ബിഎന്‍ഡി. ചാന്‍സലറി അറിയാതെ ഇവര്‍ക്കു ചാരപ്രവര്‍ത്തനം നടത്താനാകില്ലെന്നാണു വിലയിരുത്തല്‍.

സുഹൃത്തുക്കള്‍ക്കു മേല്‍ ചാരവൃത്തി നടത്തുന്നതു നന്നല്ലെന്നാണ് അമേരിക്കന്‍ ചാര സംഘടനയായ എന്‍എസ്എ തന്റെ ഫോണ്‍ കോളുകള്‍ വരെ ചോര്‍ത്തിയിരുന്നു എന്ന വിവരം പുറത്തുവന്നപ്പോള്‍ മെര്‍ക്കല്‍ പ്രതികരിച്ചത്. എന്നാല്‍, ബിഎന്‍ഡി അയല്‍രാജ്യങ്ങളെയും അവിടത്തെ ധനകാര്യ സ്ഥാപനങ്ങളെയും വ്യവസായ സ്ഥാപനങ്ങളെയുമെല്ലാം എന്‍എസ്എയ്ക്കു വേണ്ടി നിരീക്ഷിച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍ ചാന്‍സലറിക്കു മറുപടിയില്ലാതാക്കുന്നു.

ഫ്രഞ്ച് ഭരണകൂടവും ബിഎന്‍ഡിയുടെ നിരീക്ഷണത്തിനു കീഴിലായിരുന്നു എന്ന വെളിപ്പെടുത്തലാണു കൂടുതല്‍ ഗൌരവതരം. ഇതെക്കുറിച്ച് ഫ്രാന്‍സ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ വെളിപ്പെടുത്തല്‍ സാരമായി ബാധിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

ഭീകരത തടയുക എന്ന ലക്ഷ്യത്തോടെയാണത്രേ എന്‍എസ്എ ബിഎന്‍ഡിയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്. എന്നാല്‍, വിവര കൈമാറ്റം പുരോഗമിച്ചു തുടങ്ങിയതോടെ ഭീകരതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍പോലും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ കൊട്ടാരം വരെ ഇങ്ങനെ ബിഎന്‍ഡിയുടെ ചാരക്കണ്ണുകളുടെ പരിധിയില്‍ വരുകയായിരുന്നു.

ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി തോമസ് മെയ്സ്യറാണ് ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. 2008 കാലഘട്ടത്തില്‍ ചാന്‍സല്‍റിയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ബിഎന്‍ഡി.

വിഷയത്തില്‍ ജര്‍മന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനോടു കള്ളം പറഞ്ഞു എന്നു വരെ ആരോപണം ഉയര്‍ന്നു കഴിഞ്ഞപ്പോള്‍ മുതല്‍ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍