ഫ്രാന്‍സില്‍ കെയറര്‍മാര്‍ക്കും ക്ളീനര്‍മാര്‍ക്കും സാധ്യതകള്‍ തുറക്കുന്നു
Saturday, May 2, 2015 8:22 AM IST
പാരീസ്: ഫ്രാന്‍സിലെ കെയറര്‍മാര്‍ക്കും ക്ളീനര്‍മാര്‍ക്കും തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു. സര്‍ക്കാര്‍തന്നെ നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായത്.

പ്രായമേറിയവരുടെ തലമുറയില്‍ ജനസംഖ്യ വര്‍ധിച്ചുവരുന്നതാണ് ഇതിനു കാരണം. ഇതുകൂടാതെ, അധ്യാപന മേഖലയിലും തൊഴിലവസരങ്ങള്‍ സമൃദ്ധമാകുന്നു എന്നാണു സൂചനകള്‍.

2022 നുള്ളില്‍ രാജ്യത്ത് പ്രതിവര്‍ഷം 177,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണു കണക്കാക്കുന്നത്. ഇതുവഴി രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 10.2 ശതമാനത്തില്‍നിന്ന് എട്ടു ശതമാനമായി കുറയും.

2022 നുള്ളില്‍ ക്ളീനിംഗ് മേഖലയില്‍ 3,87,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കണക്കാക്കുന്നു. രാജ്യത്തെ കുപ്രസിദ്ധമായ തെരുവുകളുടെ വൃത്തിഹീനത ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണു പ്രതീക്ഷ.

കുടിയേറ്റം ഒരുതരത്തിലും ഇതുവരെ പ്രോത്സാഹിപ്പിക്കാത്ത രാജ്യമെന്ന നിലയില്‍ ഫ്രാന്‍സിനെ മാറ്റിച്ചിന്തിപ്പിക്കുന്ന ഒരു വസ്തുതയിലേക്കാണു പഠനം വിരല്‍ ചൂണ്ടുന്നത്. പക്ഷേ, പുതിയ വെളിപ്പെടുത്തലുകള്‍ രാജ്യത്തിന്റെ കുടിയേറ്റ ചരിത്രത്തിനു പുതിയൊരു മാനം കുറിക്കുക മാത്രമല്ല, കുടിയേറ്റത്തെ പിന്‍താങ്ങുകയെന്ന വഴി മുന്നില്‍ തുറക്കുമെന്നുമാണു പഠനക്കാരുടെ പക്ഷം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍