ആരാധനാകൂദാശ ഗാനമത്സരം സംഘടിപ്പിച്ചു
Saturday, May 2, 2015 8:20 AM IST
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്റര്‍ പ്രെയര്‍ ആരാധനാകൂദാശ ഗാനമത്സരം സംഘടിപ്പിച്ചു.

മലങ്കര സഭയുടെ പരമ്പരാഗതമായ വിശുദ്ധ കൂദാശഗീതങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ട്, ഇടവക ജനങ്ങളില്‍ ആരാധന സംഗീതത്തിലുള്ള അവബോധവും അഭിരുചിയും വളര്‍ത്താന്‍ വേണ്ടി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ പ്രാര്‍ഥനായോഗങ്ങളെ ഉള്‍പ്പെടുത്തി, ഏപ്രില്‍ 24നു വൈകുന്നേരം ഏഴു മുതല്‍ അബാസിയ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടന്ന മത്സരത്തില്‍ 16ഓളം ടീമുകള്‍ പങ്കെടുത്തു.

മത്സരത്തില്‍, സാല്‍മിയ സെന്റ് ആന്‍ഡ്രൂസ് പ്രാര്‍ഥനായോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സെന്റ് ജോസഫ് റിഗായി, സെന്റ് ഫിലിപ്പോസ് അബാസിയ എന്നീ പ്രാര്‍ഥനായോഗങ്ങള്‍ നേടി.

നാഗ്പൂര്‍ സെന്റ് തോമസ് വൈദിക സെമിനാരി അധ്യാപകനും, ഒവിബിഎസ് ബാഹ്യകേരള ഡയറക്ടറുമായ ഫാ. ഡോ. പി.സി. തോമസ്, അഹമ്മദി സെന്റ് തോമസ് ഇടവക വികാരി ഫാ. കുര്യന്‍ ജോണ്‍, നിരണം ഭദ്രാസന വൈദിക സംഘം സെക്രട്ടറി ഫാ. ജിജി വര്‍ഗീസ്, അഹമ്മദി ഇടവക ക്വയര്‍ മാസ്റര്‍ കുര്യന്‍ സക്കറിയ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

ഒന്നാം സ്ഥാനക്കാര്‍ക്കു കാതോലിക്കേറ്റ് രത്നദീപം പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് കൊരട്ടി യൂഹാന്നോന്‍ മാര്‍ സേവേറിയോസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, ഇയ്യോബ് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും വ്യക്തിഗത മെഡലുകളും യുവജനപ്രസ്ഥാനത്തിന്റെ പത്താം വാര്‍ഷിക സമാപനസമ്മേളനത്തില്‍ വിതരണം ചെയ്യും.

ഇടവകവികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ ഫാ. രാജു തോമസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഷൈജു കുര്യന്‍ നന്ദിയും അറിയിച്ചു. ഇടവക ട്രഷറര്‍ ജോണ്‍ പി. ജോസഫ്, സെക്രട്ടറി ജോജി പി. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യുവജനപ്രസ്ഥാനം ഭാരവാഹികളും പത്താം വാര്‍ഷികാഘോഷങ്ങളുടെ ചുമതലക്കാരുമായ ജെറി ജോണ്‍ കോശി, ദീപ് ജോണ്‍, ഷോബിന്‍ കുര്യന്‍, ജോബി കളീക്കല്‍, ജിജു ജോണ്‍, അനീഷ് മാത്യു, അബു തോമസ്, അനീഷ് തോമസ്, എബി മാത്യു, എബി സാമുവല്‍, ജോമോന്‍ കോട്ടവിള, സിനി രാജേഷ്, സിന്‍സി സാമുവല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍