കബണ്‍ പാര്‍ക്കില്‍ വാഹനനിരോധനം
Thursday, April 30, 2015 9:00 AM IST
ബംഗളൂരു: കബണ്‍ പാര്‍ക്കില്‍ ഇന്നു മുതല്‍ ഞായറാഴ്ചകളില്‍ സന്ദര്‍ശക വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി. പാര്‍ക്കിലെ വായു,ശബ്ദ മലീനീകരണം ഒഴിവാക്കാനാണ് പുതിയ നീക്കം. ഒരു മാസം പരീക്ഷണാടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇതു വിജയമായാല്‍, നിരോധനം വാരാന്ത്യത്തിലേക്കും പൊതു അവധി ദിവസങ്ങളിലേക്കും നീട്ടും. ഞായറാഴ്ച രാവിലെ പത്തുമുതല്‍ തിങ്കളാഴ്ച രാവിലെ എട്ടു വരെ പാര്‍ക്കിലെ എല്ലാ കവാടങ്ങളും അടച്ചിടും.

പാര്‍ക്കിലെ വാഹനഗതാഗതം നിരോധിച്ചാല്‍ പുറത്തെ റോഡുകളിലെ ഗതാഗതത്തെ എത്രമാത്രം ബാധിക്കുമെന്നതു സംബന്ധിച്ചും ഈസമയം പഠനം നടത്തും. ഞായറാഴ്ച വാഹനങ്ങള്‍ക്ക് പാര്‍ക്കിനുള്ളിലെ റോഡുകള്‍ക്കു പകരം തൊട്ടടുത്തുള്ള കസ്തൂര്‍ബ റോഡ്, ഡോ. അംബേദ്കര്‍ റോഡ്, നൃപതുംഗ റോഡ് എന്നിവ ഉപയോഗിക്കാനാകും. പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് വാഹനങ്ങള്‍ കിംഗ്സ് റോഡില്‍ പാര്‍ക്ക് ചെയ്യാം. വിശ്വേശരയ്യ മ്യൂസിയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിനു പിന്നിലെ പ്രത്യേക സ്ഥലത്ത് പാര്‍ക്ക് ചെയ്യാമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

നേരത്തെ, മുതിര്‍ന്ന ട്രാഫിക് ഉദ്യോഗസ്ഥരും ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് (കബണ്‍ പാര്‍ക്ക്) ഡയറക്്ടറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

പാര്‍ക്കിനുള്ളില്‍ പലപ്പോഴും വാഹനങ്ങളുടെ ബാഹുല്യമാണ് കാണാനാകുന്നത്. നിരോധനം ഏര്‍പ്പെടുത്തുന്നതോടെ ജനങ്ങള്‍ക്ക് ശാന്തമായി പാര്‍ക്കിലൂടെ നടക്കാന്‍ കഴിയുമെന്നും കുട്ടികള്‍ക്ക് സുരക്ഷിതമായി പാര്‍ക്കില്‍ വിനോദത്തിലേര്‍പ്പെടാന്‍ കഴിയുമെന്നുമാണു വിലയിരുത്തുന്നത്.