കുട്ടികളെ കാണാതാകുന്നത് ഗുരുതരമായ മാനുഷിക പ്രശ്നമെന്നു ഹൈക്കോടതി
Thursday, April 30, 2015 8:59 AM IST
ബംഗളൂരു: സംസ്ഥാനത്തു നിന്നും കാണാതായ 10,000 കുട്ടികളെ കണ്െടത്താനായിട്ടില്ലെന്നത് വലിയ മാനുഷിക പ്രതിസന്ധിയാണെന്ന് കര്‍ണാടക ഹൈക്കോടതി. ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മീഷനും ജസ്റ്റീസ് ആന്‍ഡ് കെയര്‍ എന്ന സംഘടനയും സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ചീഫ് ജസ്റീസ് ഡി.എച്ച്. വഗേലയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.

കുട്ടികളെ കടത്തുന്നതിന്റെ കേന്ദ്രമായി കര്‍ണാടക മാറുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കാണാതായ കുട്ടികളെ കണ്െടത്താന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവരം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിനു മറ്റു സംസ്ഥാനങ്ങളുടെ സഹായം തേടാമെന്നും സമാന സാഹചര്യത്തില്‍ അവര്‍ക്കും സഹായം നല്കാമെന്നും കോടതി നിര്‍ദേശിച്ചു. മനുഷ്യക്കടത്ത് കേസുകളുടെ കാര്യത്തില്‍ നാലാം സ്ഥാനത്താണ് കര്‍ണാടക. ഇത്തരത്തില്‍ 412 കേസുകളാണു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. പശ്ചിമബംഗാള്‍(669), തമിഴ്നാട് (549), ആന്ധ്രാ പ്രദേശ് (541) എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍. കര്‍ണാടക പോലീസിന്റെ കണക്ക് പ്രകാരം 2013 നവംബറിനും 2014 നവംബറിനുമിടയില്‍ 11,969 കുട്ടികളെയാണ് സംസ്ഥാനത്തുനിന്നും കാണാതായിരിക്കുന്നത്.