കുടിയേറ്റം: പ്രതിച്ഛായയോളം മോശമല്ല യഥാര്‍ഥ ജര്‍മനി
Thursday, April 30, 2015 8:53 AM IST
ബര്‍ലിന്‍: കുടിയേറ്റക്കാര്‍ക്ക് ജര്‍മനിയില്‍ സ്വീകാര്യത വളരെ കുറവാണെന്നാണ് ആഗോള തലത്തില്‍ പൊതുവേയുള്ള ധാരണ. കുടിയേറ്റത്തിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ അത്ര മികച്ചതുമല്ല. എന്നാല്‍, കുടിയേറ്റക്കാരുടെ യഥാര്‍ഥ കണക്കെടുത്തു നോക്കിയാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് ഒരു പഠനത്തില്‍ ഇപ്പോള്‍ വ്യക്തമാകുന്നത്.

ഏറ്റവും കൂടുതല്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന കാനഡയുമായും യുഎസുമായും വരെ മത്സരിക്കാന്‍ ജര്‍മനിക്കു ശേഷിയുണ്ടെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. കുടിയേറ്റത്തിന്റെ കാര്യത്തില്‍ വ്യക്തമായൊരു നയം ഇല്ലാത്തതാണ് ഇക്കാര്യത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമായി തുടരാന്‍ സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

ജര്‍മന്‍ ഫൌണ്ടേഷന്‍സ് ഓണ്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് മൈഗ്രേഷന്റെ വിദഗ്ധ പാനല്‍ തയാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുടിയേറ്റത്തില്‍ ജര്‍മനിയുടെ ആഗോള പ്രതിച്ഛായ ക്രമേണ മെച്ചപ്പെട്ടു വരുന്നതായും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.

ജര്‍മനിയിലേക്ക് കുടിയേറുന്നതിന്റെ ഗുണഗണങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം ചെയ്യാനും മറ്റും സര്‍ക്കാര്‍ താത്പര്യം കാണിക്കാറില്ല. കുടിയേറ്റക്കാര്‍ക്ക് ആകര്‍ഷണമാകുന്ന വിധത്തിലുള്ള മാര്‍ക്കറ്റിംഗും രാജ്യത്തിന്റെ ഭാഗത്തുനിന്നില്ലെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍