മാലിന്യ നിര്‍മാര്‍ജനം: മന്ത്രി മഞ്ഞളാംകുഴി അലിയുമായി ചര്‍ച്ച നടത്തി
Wednesday, April 29, 2015 4:59 AM IST
മെല്‍ബണ്‍: കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളില്‍ മാലിന്യത്തില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് സാമ്പത്തിക നേട്ടവും ജനങ്ങളുടെ ആരോഗ്യവും വീണ്െടടുക്കുന്നതിന്റെ ഭാഗമായി മന്ത്രി മഞ്ഞളാംകുഴി അലിയുമായി വേസ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ആദ്യഘട്ടം കൊച്ചി കോര്‍പറേഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണു മന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടത്തിയത്. യുകെയിലും ഓസ്ട്രേലിയയിലും പ്രമുഖ കമ്പനികളുടെ പ്രതിനിധി കമലാ ഗോവിന്ദ്, ജോര്‍ജ് കുര്യന്‍, പയസ്കുട്ടി കുന്നശേരി എന്നിവരോടൊപ്പം ഓസ്ട്രേലിയയില്‍നിന്നുളള പ്രവാസി മലയാളി റെജി പാറയ്ക്കനും കാനാഡയില്‍നിന്നുളള ജോണി കീഴൂരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. മുന്‍ മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ആണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മന്ത്രി മഞ്ഞളാംകുഴി അലിയെയും പ്രതിനിധിസംഘം സന്ദര്‍ശിച്ചത്.

യുകെയിലും ഓസ്ട്രേലിയയിലും വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വേസ്റ്റ് മാനേജ്മെന്റ് കമ്പനി ആണ് കേരളത്തിലെ വേസ്റ്റ് പ്രോബ്ളം പരിഹരിക്കുന്നത്. യുകെയിലെ പ്രവാസി മലയാളികളുടെ ഇടയില്‍ പൊതുസമ്മതനായി കോട്ടയം ഗ്ളോബല്‍ ഫെഡറേഷന്റെ ചെയര്‍മാന്‍ പയസ്കുട്ടി കുന്നശേരിയാണു കമ്പനി മാനേജ്മെന്റുമായി മന്ത്രിമാരെ കാണാന്‍ മുന്‍ കൈയെടുത്തത്. യുകെയിലും ഓസ്ട്രേലിയയിലുമുളള പ്രവാസി മലയാളികള്‍ക്ക് ബിസിനസ് രംഗത്ത് പുതിയ ഉണര്‍വ് നല്‍കാന്‍ ഈ കൂടിക്കാഴ്ച ഇടം നല്‍കിയെന്നു പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍ പ്രത്യാശ പ്രകടിപ്പിച്ചു. മന്ത്രി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ മോന്‍സ് ജോസഫ് അടക്കമുളള എംഎല്‍എമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രതിനിധി സംഘം ഉടന്‍തന്നെ യുകെയിലേയും ഓസ്ട്രേലിയായിലേയും വേസ്റ് മാനേജ്മെന്റ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിനും അതിനെക്കുറിച്ച് പഠിക്കുന്നതിനും യുകെയും ഓസ്ട്രേലിയയും സന്ദര്‍ശിക്കുന്നുണ്ട്.