അധികാരത്തര്‍ക്കം: ഫോക്സ്വാഗന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫെര്‍ഡിനാന്റ് പീഷ് രാജിവച്ചു
Monday, April 27, 2015 8:09 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ വമ്പന്‍ കാര്‍നിമാണ കമ്പനിയായ ഫോക്സ്വാഗന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫെര്‍ഡിനാന്റ് പീഷ് തത്സ്ഥാനം രാജിവച്ചു. കമ്പനി ചീഫ് എക്സിക്യൂട്ടീവ് മാര്‍ട്ടിന്‍ വിന്റര്‍കോണും തമ്മിലുണ്ടായ അധികാരത്തര്‍ക്കമാണു കാരണം. പീഷിന്റെ മിന്നല്‍ രാജി കമ്പനി നേതാക്കളെ ഞെട്ടിച്ചു. ജര്‍മന്‍ വാര്‍ത്താ മാഗസിനായ ഡെര്‍ സ്പീഗലിനു നല്‍കിയ അഭിമുഖത്തില്‍ വിന്റര്‍കോണിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു പീഷ്. എന്നാല്‍, എന്താണു തങ്ങള്‍ക്കിടയിലുള്ള യഥാര്‍ഥ പ്രശ്നമെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയാറായതുമില്ല.

അടുത്ത ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏവരും പരിഗണിച്ചിരുന്നത് വിന്റര്‍കോണിനെയാണ്. എന്നാല്‍, ഫോക്സ് വാഗന്റെ 51 ശതമാനം ഓഹരികള്‍ പീഷിന്റെയും പോര്‍ഷെ കുടുംബത്തിന്റെയും പക്കലാണ്.

യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയാണ് ജര്‍മനിയിലെ വോള്‍ഫ്സ്ബുര്‍ഗ് ആസ്ഥാനമായുള്ള ഫോക്സ്വാഗന്‍ ഗ്രൂപ്പ്. കമ്പനിയുടെ അഞ്ചംഗ ഗവേണിംഗ് ബോര്‍ഡ് ഏപില്‍ 17നു വിന്റര്‍കോണിനു പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ബോര്‍ഡ് അംഗവും പീഷിന്റെ ബന്ധുവുമായ വോള്‍ഫ്ഗാംഗ് പോര്‍ഷെയും കുടുംബാംഗങ്ങളും വിന്റര്‍കോണിനെ നയപരമായി പിന്തുണച്ചിരുന്നു.

ഫോക്സ്വാഗന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവും 78 കാരനുമായ പീഷിന്റെ ഒപ്പം ഭാര്യ ഉര്‍സുലയും ബോര്‍ഡില്‍നിന്നു രാജിവച്ചിട്ടുണ്ട്.

പീഷിന്റെ രാജിയെത്തുടര്‍ന്ന് കമ്പനി ഡെപ്യൂട്ടി ചെയര്‍മാന്‍ ബെര്‍ത്ത്ഹോള്‍ഡ് ഹൂബര്‍ താത്കാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു.

കഴിഞ്ഞ എട്ടുവര്‍ഷമായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായി തുടരുന്ന വിന്റര്‍കോണിന്റെ സേവനം ഫോക്സ്വാഗന്‍ ഗ്രൂപ്പിനെ ആഗോളതലത്തില്‍ കാര്‍നിര്‍മാണ മേഖലയില്‍ മുന്‍പന്തിയില്‍ എത്തിച്ചുവെന്നും കമ്പനി അനാലിസിസ് വെളിപ്പെടുത്തിയതു വിന്റര്‍കോണിനു തുണയായി.

ജനറല്‍ മോട്ടോഴ്സിനെ പിന്തള്ളി 2014 ല്‍ കാര്‍നിര്‍മാണത്തിലും വില്‍പ്പനയിലും ആഗോളതലത്തില്‍ രണ്ടാമത്തെ കമ്പനിയായി ഫോക്സ്വാഗന്‍ സ്ഥാനം നേടിയിരുന്നു. ഒന്നാം സ്ഥാനം ജപ്പാന്റെ ടൊയോട്ടയ്ക്കാണ്.

വോള്‍ക്സ് വാഗന്‍ ഗ്രൂപ്പില്‍ ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി, ബുഗാട്ടി, ബെന്റ്ലി, സ്കോഡ, സിയാറ്റ് എന്നീ കമ്പനികളാണുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍