നേപ്പാള്‍ ദുരന്തത്തിന് ആശ്വാസവുമായി ജര്‍മനിയും
Monday, April 27, 2015 8:08 AM IST
ബര്‍ലിന്‍: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന് ആശ്വാസത്തിന്റെ കുളിര്‍മയുമായി ജര്‍മനിയും പങ്കുചേര്‍ന്നു. ജര്‍മനിയില്‍നിന്നു സന്നദ്ധപ്രവര്‍ത്തകരും ഡോക്ടര്‍മാരും നഴ്സുമാരും മെഡിക്കല്‍ ഓര്‍ഡര്‍ലിമാരും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പ്രത്യേക വിമാനങ്ങളില്‍ എല്ലാ സജ്ജീകരണങ്ങളോടുംകൂടിയാണു നേപ്പാളിലെത്തിയത്.

ഭൂകമ്പത്തില്‍ ജര്‍മനിയുടെ സഹായം ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വാഗ്ദാനം ചെയ്തതിനൊപ്പം അനുശോചനവും രേഖപ്പെടുത്തി.

അപകടമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ള വിദഗ്ധരായ സന്നദ്ധപ്രവര്‍ത്തകരാണ് ആദ്യസംഘത്തിലുള്ളത്. ഐഎസ്എആര്‍ എന്ന സംഘടനയിലെ 52 പേരും ആദ്യസംഘത്തില്‍ നേപ്പാളില്‍ എത്തിയിട്ടുണ്ട്. ജീവന്‍ രക്ഷിക്കാനുതകുന്ന ഏതു പ്രവര്‍ത്തനത്തിനും ആവശ്യമുള്ള സാങ്കേതിക സാമഗ്രികളും വാഹനങ്ങളും ഇവര്‍ക്കൊപ്പം നേപ്പാളില്‍ എത്തിച്ചിട്ടുണ്ട്.

ദുരിതത്തില്‍ സഹായത്തിനായി ജര്‍മനിയിലെ വിവിധ ഏജന്‍സികള്‍ ഫണ്ടുശേഖരണവും നടത്തുന്നുണ്ട്. ജര്‍മന്‍ മാധ്യമങ്ങള്‍ നിരന്തരമായി സംഭവത്തെപ്പറ്റി ആനുകാലികമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ തടസപ്പെടുന്നുണ്ടെന്നും ശരിയായ രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ജര്‍മന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഫണ്ട് ശേഖരണത്തിനായി ജര്‍മനി ഒരു പ്രത്യേക ഹോട്ട്ലൈന്‍തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

കാരിത്താസ് ഇന്റര്‍നാഷണല്‍, എഡബ്ള്യുഒ, ജര്‍മന്‍ റെഡ്ക്രോസ്, മള്‍ട്ടീസര്‍, ജര്‍മന്‍ നേപ്പാള്‍ അസോസിയേഷന്‍ തുടങ്ങിയ ഏജന്‍സികളെ കൂടാതെ ജര്‍മനിയിലെ സാമൂഹ്യ പ്രവര്‍ത്തകരും വ്യക്തികളും സ്വന്തം ചെലവില്‍ സഹായത്തിനായി നേപ്പാളില്‍ എത്തിയിട്ടുണ്ട്. എന്തുതന്നെയായാലും ദുരന്തമേഖലയില്‍ ഇന്ത്യ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍