ജര്‍മനിയുടെ ഹോളിവുഡ് നയതന്ത്രം; വര്‍ത്തമാനത്തില്‍ ജീവിക്കുക
Monday, April 27, 2015 8:07 AM IST
ന്യൂഡല്‍ഹി: നയതന്ത്രം ഒരു കലയാണെങ്കില്‍ ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മൈക്കല്‍ സ്റൈനര്‍ നല്ലൊരു കലാകാരനുമാണ്. ഇന്ത്യയിലെ ജര്‍മന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മിച്ച 'കല്‍ ഹോ ന ഹോ' എന്ന ഹിന്ദി സിനിമാ ഗാനം ഇതിനുദാഹരണമായി മാറുന്നു.

ജര്‍മന്‍ ഭാഷയില്‍ 'ലേബെ യെറ്റ്സ്' (ഹലയല ഷല്വ, വര്‍ത്തമാനത്തില്‍ ജീവിക്കുക അല്ലെങ്കില്‍ ഇപ്പോള്‍/ഇന്നില്‍ ജീവിക്കുക എന്നര്‍ഥം) എന്നു പേരിട്ട് പുറത്തിറക്കിയ വീഡിയോ യൂട്യൂബില്‍ വൈറലായി മാറിക്കഴിഞ്ഞു. ഷാരൂഖ്, പ്രീതി, സെയ്ഫ് അലിഖാന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമ 'കല്‍ ഹോ ന ഹോ'യുടെ ടൈറ്റില്‍ ഗാനം അതേപടി അനുകരിച്ചുള്ളതാണ് ഈ ഗാനരംഗം.

ജര്‍മന്‍ എംബസിയില്‍ എഴുന്നൂറോളം പേരടങ്ങുന്ന ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ ഈ ഗാനരംഗത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കല്‍ ഹോ ന ഹോ സിനിമയുടെ സംവിധായകന്‍ കരണ്‍ ജോഹറും സിനിമയില്‍ ഈ പാട്ടു പാടിയ സോനു നിഗമും ആശംസകള്‍ അറിയിച്ചു.

'രാഷ്ട്രീയത്തില്‍ നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല, അതുപോലെതന്നെ ജീവിതത്തിലും എന്താണുണ്ടാവുക എന്ന് ആര്‍ക്കും പറയാനാവില്ല', ചടങ്ങില്‍ സംസാരിച്ച ഖുര്‍ഷിദ് പറഞ്ഞു. ചടങ്ങില്‍ സെയ്ഫ് അലി ഖാന്‍, ഷര്‍മിള ടാഗോര്‍, ഗാനരചയിതാവ് ജാവേദ് അക്തര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സ്റൈനറെയും ഭാര്യ എലീസിനെയും കൂടാതെ ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമാണു ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഒറിജിനല്‍ സിനിമയില്‍ ഷാരൂഖാന്‍ നായക റോളിലും പ്രീതിയും സെയ്ഫും സഹറോളിലും എത്തുമ്പോള്‍ പുതിയ ആവിഷ്കാരത്തില്‍ സ്റൈനര്‍ നായകവേഷത്തിലും എലീസ് സ്റൈനറും സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ സഹകാരികളുമാവുന്നു. ഡല്‍ഹി ലൊക്കേഷനാക്കി ഇന്ത്യന്‍ സംസ്കാരത്തിനിണങ്ങിയ വസ്ത്രധാരണത്തിലാണു ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.

ജനങ്ങളെക്കൂടി കണക്കിലെടുത്തുള്ളതാകണം ആധുനികകാലത്തെ നയതന്ത്രം എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു താന്‍ ഇങ്ങനെയൊരു പദ്ധതി തയാറാക്കിയതെന്നു സ്റൈനര്‍ പറഞ്ഞു. നയതന്ത്രബന്ധം സര്‍ക്കാര്‍തലത്തില്‍ മാത്രമാവാതെ ജനങ്ങളിലേക്കുകൂടി എത്തിക്കുക എന്ന ലക്ഷ്യമാണു വീഡിയോ നിര്‍മാണത്തിന്റെ പിന്നിലെന്നു മൈക്കല്‍ സ്റൈനര്‍ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സംസ്കാര സമന്വയത്തിനു സിനിമ എളുപ്പവഴിയാകുമെന്ന ധാരണയാണ് ഗാനചിത്രീകരണത്തിലൂടെ എളുപ്പമാക്കിയതു സ്റൈനര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തിനു പുതുഭാഷ്യം നല്‍കി അംബാസഡറും ഭാര്യയും ഖുര്‍ഷിദും മല്‍സരിച്ചഭിനയിച്ച സംഗീത വീഡിയോ ബോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് ഇപ്പോള്‍ യുട്യൂബില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

ബോളിവുഡ് സിനിമകളുടെയും താരങ്ങളുടെയും ഏറ്റവും വലിയ ആരാധകരാണു ജര്‍മന്‍ അംബാസഡറും ഭാര്യയും. എന്നാല്‍ എലീസയാകട്ടെ ഒരുപടികൂടി മുന്നിലാണ്. ഏതാണ്ട് 150 ഓളം ഹിന്ദി സിനിമകളുടെ ശേഖരംതന്നെ അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ജര്‍മനിയിലെ ഒരു സ്വകാര്യ ചാനല്‍ മിക്ക വെള്ളിയാഴ്ചകളിലും തുടര്‍ന്നുള്ള ശനിയാഴ്ചകളിലും ഹിന്ദി സിനിമകള്‍ പ്രത്യേകിച്ച് ഷാരൂഖ് ഖാന്റെ ചിത്രങ്ങള്‍ ജര്‍മന്‍ മൊഴിമാറ്റത്തോടുകൂടി സംപ്രേക്ഷണം ചെയ്യുന്നതും ഒരു പ്രത്യേകതയായി ജര്‍മന്‍ അംബാസഡര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍