അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ഥാടനം മേയ് രണ്ടിന്
Monday, April 27, 2015 6:47 AM IST
നോക്ക്: പരിശുദ്ധ കന്യകാമാതാവിന്റെ വണക്കമാസം ആചരിക്കുന്ന മേയില്‍ അയര്‍ലന്‍ഡിലെ മലയാളി കത്തോലിക്കര്‍ അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നോക്ക് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരുന്ന തീര്‍ഥാടനം മേയ് രണ്ടിനു(ശനി) നടക്കും.

11നു നോക്ക് മരിയന്‍ ബസിലിക്കയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ (ചെയര്‍മാന്‍, സീറോ മലബാര്‍ മൈഗ്രന്റ് കമ്മീഷന്‍) മുഖ്യകാര്‍മികത്വം വഹിക്കും. ചാപ്ളെയിന്മാരായ മോണ്‍. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്), ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ (കോര്‍ക്ക്), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ളിന്‍), ഫാ. മനോജ് പൊന്‍കാട്ടില്‍ (ഡബ്ളിന്‍), ഫാ. ജോസഫ് കറുകയില്‍ (ഡെറി) എന്നിവരും അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന മറ്റു വൈദികരും ബലിയില്‍ സഹകാര്‍മികത്വം വഹിക്കും.

ദിവ്യബലി അര്‍പ്പണത്തിനുശേഷം ബെല്‍ഫാസ്റിലെ സീറോ മലബാര്‍ സഭയുടെ ചാപ്ളെയിനും അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ കോ-ഓര്‍ഡിനേറ്ററുമായി സേവനം ചെയ്യുന്ന മോണ്‍. ആന്റണി പെരുമായന്റെ സ്ഥാനലബ്ധിയില്‍ ചടങ്ങില്‍ അനുമോദിക്കും.

തീര്‍ഥാടനത്തില്‍ പങ്കുചേര്‍ന്ന് അമ്മയുടെ നാമത്തില്‍ കൂട്ടായ്മയില്‍ ഒന്നുചേരുവാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടുവാനും ഏവരെയും മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍