വിയന്ന ബിസിനസ് സ്കൂളിന്റെ മനുഷ്യസ്നേഹി (അമികസ്) അവാര്‍ഡ് പ്രിന്‍സ് പള്ളിക്കുന്നേലിന്
Monday, April 27, 2015 5:35 AM IST
വിയന്ന: പ്രോസി ഗ്ളോബല്‍ ചാരിറ്റി ഫൌണ്േടഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ വിയന്ന ബിസിനസ് സ്കൂളിന്റെ അമികസ് ഓണററി അവാര്‍ഡിന് അര്‍ഹനായി. മികച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വ്യക്തികള്‍ക്കു സ്കൂള്‍ കഴിഞ്ഞ 12 വര്‍ഷമായി നല്കിവരുന്ന പ്രത്യേക പുരസ്കാരമാണ് ഈ അവാര്‍ഡ്. ബിസിനസിനൊപ്പം ഓസ്ട്രിയയയിലും, മറ്റു രാജ്യങ്ങളിലും പ്രിന്‍സ് തുടരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിനു പുരസ്കാരം നല്കിയത്. ഇത് ആദ്യമാണ് ഓസ്ട്രിയയില്‍ ജീവിക്കുന്ന ഒരു വിദേശിക്ക് അമികസ് അവാര്‍ഡ് ലഭിക്കുന്നത്.

മികച്ച സാമൂഹിക പദ്ധതികള്‍ അവതരിപ്പിക്കാനും സാമൂഹ്യപ്രതിബദ്ധതയും ഉത്തരവാദിത്വവുമുള്ള ബിസിനസ് പ്രതിഭകളെ സൃഷ്ടിക്കാന്‍ വിയന്ന ബിസിനസ് സ്കൂള്‍ 2003ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. പഠനത്തോടൊപ്പം കുട്ടികള്‍ വിവിധങ്ങളായ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികള്‍ ആകാറുണ്ട്. വിദ്യാര്‍ത്ഥികള്‍ നടപ്പാക്കുന്ന അത്തരത്തിലുള്ള മികച്ച പ്രൊജക്ടുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതോടൊപ്പമാണ്, സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വേറിട്ടശൈലി കാഴ്ചവയ്ക്കുന്ന ഒരു വ്യക്തിയെ വിദ്യാര്‍ഥികള്‍തന്നെ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്.

ഏപ്രില്‍ 23നു വിയന്ന ബിസിനസ് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്കൂളിന്റെ പ്രസിഡന്റും കുട്ടികളും ചേര്‍ന്നു പ്രിന്‍സിനു പുരസ്കാരം സമ്മാനിച്ചു. ദൈനംദിന ജീവിതത്തില്‍ സാമ്പത്തിക ഇടപാടുകളെയും അഭിവൃദ്ധിയെയുക്കുറിച്ചും പഠിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരും മാനവരാശിയോട് കരുതലുള്ള വ്യക്തികളും, ജീവിക്കുന്ന ചുറ്റുപാടുകളിലെ കഷ്ടപ്പാടും അസുഖകരമായ സാഹചര്യങ്ങളിലും അവരെ ശ്രദ്ധയുള്ളവാരാക്കുകയും ചെയ്യുക എന്നതാണ് അമികസ് അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: ജോബി ആന്റണി