അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ യുഎഇ ഓപ്പണ്‍ യൂത്ത് ഫെസ്റിവല്‍ മേയ് ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളില്‍
Saturday, April 25, 2015 8:12 AM IST
അബുദാബി: യുഎയിലെ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യ സോഷ്യല്‍ സെന്റര്‍ യൂത്ത് ഫെസ്റിവല്‍ സംഘടിപ്പിക്കുന്നു.

മേയ് ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ മുന്നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്ക്, ഒഡീസി, കാര്‍ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതം, കരോക്കേ, ഫാന്‍സി ഡ്രസ് തുടങ്ങി 18 ഇനങ്ങളിലാകും മത്സരങ്ങള്‍ നടക്കുക. മൂന്നു വയസു മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം.

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മേയ് അഞ്ചു പേരുകള്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്. ഏറ്റവും അധികം പോയിന്റുകള്‍ നേടുന്നവര്‍ക്ക് ഐഎസ്സി നുക്ളിയസ് പ്രതിഭ പുരസ്കാരവും, ഐ എസ് സി നുക്ളിയസ് തിലക് പുരസ്കാരവും സമ്മാനിക്കും.

ഇന്ത്യയില്‍ നിന്നുള്ള നാല് പ്രമുഖ കലാകാരന്മാര്‍ അടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിധിനിര്‍ണയം നടത്തുക. ഇന്ത്യ സോഷ്യല്‍ സെന്ററിന്റെ വെബ് സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സൌകര്യമുണ്ട്.

നുക്ളിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ്, എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.

ജനറല്‍സെക്രട്ടറി എം.എ. സലാം, ലിറ്റററി സെക്രട്ടറി ഗോഡ്ഫ്രേ ആന്റണി, പ്രോഗ്രാം കണ്‍വീനര്‍ അനില്‍കുമാര്‍, നുക്ളിയസ് മാനേജിംഗ് ഡയറക്ടര്‍ എന്‍.പി. അബ്ദുള്‍ നാസര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള