'വിദ്യാര്‍ഥികള്‍ അഭിരുചികളെ തിരിച്ചറിയണം'
Saturday, April 25, 2015 8:09 AM IST
റിയാദ്: പാഠ്യവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം സ്വന്തം അഭിരുചികളെ കൂടി തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്കുവേണ്ടിയുള്ള നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാവാന്‍ പ്രമുഖ കരിയര്‍ സ്റുഡന്റ്സ് കൌണ്‍സലറും മോങ്ങം എഐഎ കോളജ് അധ്യാപകനുമായ പ്രഫ. കെ.പി. സയദ് വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു. 'ഉത്തമ സമുദായം; ഉത്കൃഷ്ട സംസ്കാരം' കാമ്പയിന്റെ ഭാഗമായി റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) റിയാദ് മഹാത്മാ സ്കൂളില്‍ സംഘടിപ്പിച്ച ടാലന്റ്സ് മീറ്റില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കഴിവുകളെ പരിപോഷിപ്പിക്കുവാനും അവയെ നല്ല മേഖലകളിലേക്ക് തിരിച്ചു വിടാനും സാധിക്കണമെങ്കില്‍ ആത്മാര്‍ഥത അനിവാര്യമാണെന്നും ശക്തമായ ഏകദൈവവിശ്വാസത്തിലൂടെയും പരലോക ബോധത്തിലൂടെയും മാത്രമേ ആത്മാര്‍ഥവും നിസ്വാര്‍ഥവുമായ മനസിനെ പാകപ്പെടുത്താന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. സാജിത ബീഗം, കോഓര്‍ഡിനേറ്റര്‍ ഷീജ മോള്‍, ആര്‍ഐസിസി കണ്‍വീനര്‍ ഉമര്‍ ഷരീഫ്, റിയാദ് നിച്ച് ഓഫ് ട്രൂത്ത് ചെയര്‍മാന്‍ ഇഖ്ബാല്‍ കൊല്ലം, ശിഹാബ് മണ്ണാര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.