നവയുഗം തുണച്ചു; ജഗന്‍ നാട്ടിലേയ്ക്ക് തിരിച്ചു
Saturday, April 25, 2015 8:00 AM IST
ദമാം: നവയുഗം സാംസ്കാരിക വേദിയുടെ സഹായത്തോടെ സൌദിയില്‍ കഴിഞ്ഞ പത്തു മാസമായി അനുഭവിച്ചു കൊണ്ടിരുന്ന ദുരിതങ്ങള്‍ക്ക് വിട പറഞ്ഞ് ജഗന്‍ വിക്ടര്‍ നാട്ടിലേയ്ക്ക് പറന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് തിരുവനന്തപുരം പാറശാല സ്വദേശി ആയ ജഗന്‍ വിക്ടര്‍, അല്‍കോബാറിലെ ഒരു അറബി വീട്ടില്‍ ഹൌസ് ഡ്രെെവര്‍ വീസയില്‍ സൌദിയിലെത്തിയത്. രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട സ്വന്തം കുടുംബത്തിന്റെ പ്രാരാബ്ദങ്ങള്‍ക്ക് ഈ ജോലി പരിഹാരമാകും എന്നായിരുന്നു ജഗന്‍ കരുതിയത്. എന്നാല്‍ രാവും പകലും വിശ്രമമില്ലാതെ ജോലി, ഉറക്കം തീരെ കിട്ടാത്തതുമൂലം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍, ജോലിക്കിടയിലെ സ്പോണ്‍സറുടെ വക മാനസികപീഡനങ്ങള്‍, അഞ്ചു മാസത്തോളം ശമ്പളം കിട്ടാത്ത അവസ്ഥ, ഇക്കാമ ഇല്ലാത്തതിനാല്‍ കഷ്ടപ്പാടുകളുടെ നീണ്ട പരമ്പരയായിരുന്നു അയാള്‍ക്ക് അനുഭവിക്കേണ്ടിവന്നത്.

ദുരിതങ്ങള്‍ സഹിക്കാനാകാതെ വന്നപ്പോള്‍, നവയുഗം ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരായ ഷാജി മതിലകത്തെയും ഷിബുകുമാര്‍ തിരുവനന്തപുരത്തെയും ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍ കോടതിയില്‍ സ്പോണ്‍സര്‍ ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും തയാറാകാത്ത സമീപനം ആണ് സ്വീകരിച്ചത്. തുടര്‍ന്ന് ഷാജി മതിലകവും ഷിബു കുമാറും ജീവകാരുണ്യ പ്രവര്‍ത്തകനായ ആല്‍ഫ ഷാജിയുടെ സഹായത്തോടെ ചില സൌദി പൌരന്മാരെ ഇടപെടുത്തി, മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും ഒടുവില്‍ ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ എക്സിറ്റ് മാത്രം നല്‍കാമെന്ന് സ്പോണ്‍സര്‍ സമ്മതിക്കുകയും ചെയ്തു.

ജഗനുള്ള വിമാനടിക്കറ്റ് നവയുഗം റാക്ക യൂണിറ്റ് നല്‍കാമെന്ന് സമ്മതിച്ചു. സ്പോണ്‍സര്‍ എക്സിറ്റ് അടിച്ച പാസ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന്, ഷിബുകുമാര്‍ തിരുവനന്തപുരം ടിക്കറ്റും പാസ്പോര്‍ട്ടും ജഗനു കൈമാറി. നവയുഗം റാക്ക യൂണിറ്റ് പ്രസിഡന്റ് റെജി സാമുവല്‍, യുണിറ്റ് സെക്രട്ടറി ബിജു വര്‍ക്കി, നവയുഗം പ്രവര്‍ത്തകരായ പ്രഭാകരന്‍, ഷാജി, ബോസ്, ബെന്‍സിമോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം