അന്താരാഷ്ട്ര റോമിംഗ് ഫ്രീയായി ഗൂഗിളിന്റെ മൊബൈല്‍ നെറ്റ്വര്‍ക്ക്
Friday, April 24, 2015 7:55 AM IST
ഫ്രാങ്ക്ഫര്‍ട്ട്: അന്താരാഷ്ട്ര റോമിംഗ് ഫ്രീയായി മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍ മറ്റ് മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ക്കു ഭീഷണി ആകുന്നു.

പ്രോജക്ട് എഫ്ഐ എന്നാണു ഗൂഗിള്‍ അവതരിപ്പിക്കുന്ന മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ പേര്. വൈഫേയ്ക്കും സാധാരണ മൊബൈല്‍ നെറ്റ്വര്‍ക്കിനും അപ്പുറം മുമ്പില്‍ എന്നാണു പുതിയ പദ്ധതിയെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്.

ഗൂഗിള്‍ ടിമൊബൈല്‍, സ്പിരിറ്റ് കോര്‍പറേഷന്‍ എന്നിവരുമായി സഹകരിച്ചാണ് ഇത്തരത്തില്‍ ഒരു സംവിധാനം ആദ്യം അമേരിക്കയില്‍ ഒരുക്കുന്നത്. മൊബൈല്‍ ബില്ലില്‍ നെറ്റിന്റെ ചാര്‍ജുകള്‍ കുറയ്ക്കാം എന്നതാണ് ഇതിനു ഗൂഗിള്‍ അവകാശപ്പെടുന്ന പ്രത്യകത.

റോമിംഗ് ഫ്രീ എന്ന് പറയുന്ന ഈ നെറ്റ്വര്‍ക്ക് എങ്ങനെയെണെന്ന് ഗൂഗിള്‍ കൃത്യമായി വ്യക്തമാക്കുന്നില്ല. നിലവില്‍ ഇറങ്ങുന്ന ഗൂഗിള്‍ നെക്സസ് ഫോണുകളില്‍ മാത്രമേ ഗൂഗിള്‍ നെറ്റ്വര്‍ക്ക് ഇപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ. എന്നാല്‍ പിന്നീട് ഇത് എല്ലാ ഫോണിലേക്കും ഗൂഗിള്‍ വ്യാപിപ്പിക്കാനാണ് പ്ളാന്‍. നിലവില്‍ അമേരിക്കയില്‍ ഗൂഗിള്‍ പ്രോജക്ട് എഫ്ഐ ലഭിക്കാന്‍ മാസം 20 ഡോളറും 10 ഡോളറും ഇങ്ങനെ രണ്ട് പ്ളാനുകളാണ് അവര്‍ അവതരിപ്പിക്കുന്നത്. താമസിയാതെ ഇത് അന്തരാഷ്ട്രമായി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ ഗവണ്‍മെന്റുമായി സഹകരിച്ച് ഇന്ത്യയിലും ഉപയോഗപ്രദമാക്കുമെന്ന് ഗൂഗിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുന്ദര്‍ പിചായ് പറഞ്ഞു. ഗൂഗിളിന്റെ ഈ അന്താരാഷ്ട്ര ഫ്രീ റോമിംഗ് പ്രവാസി ഇന്ത്യക്കാര്‍ക്ക് വളരെയേറെ പ്രയോജനപ്പെടും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍