ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയതുവഴി ബയേണിനു നഷ്ടം രണ്ടു മില്യന്‍ യൂറോ
Friday, April 24, 2015 7:54 AM IST
മ്യൂണിക്ക്: എഫ്സി പോര്‍ട്ടോയെ മറികടന്ന് ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ സ്ഥാനമുറപ്പാക്കാന്‍ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് സാധിച്ചു. ആരാധകര്‍ അതില്‍ ആഹ്ളാദിക്കുമ്പോള്‍ ക്ളബ്ബിന്റെ സാമ്പത്തിക മാനേജ്മെന്റ് വിഭാഗത്തിന് അല്പം സന്തോഷം കുറവാണ്. കാരണം, ഈ സെമി പ്രവേശം വഴി ക്ളബ്ബിനു നഷ്ടം രണ്ടു മില്യന്‍ യൂറോയാണ്.

ഈ നഷ്ടത്തിനുത്തരവാദി സൂപ്പര്‍ ഗോളി മാന്വല്‍ ന്യൂവറാണെന്നു വേണമെങ്കില്‍ പറയാം. ഷാല്‍ക്കെയില്‍നിന്ന് 2011ല്‍ ന്യൂവറെ വന്‍ വിലയ്ക്കു സ്വന്തമാക്കുമ്പോള്‍ ബയേണ്‍ അംഗീകരിച്ച ഒരു ഉപാധിയാണ് ഈ നഷ്ടത്തിനു കാരണം. ബയേണ്‍ ഓരോ തവണ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലോ ജര്‍മന്‍ കപ്പിന്റെ ഫൈനലിലോ ബുണ്ടസ് ലിഗയുടെ ഫൈനലിലോ കടക്കുമ്പോഴും ഷാല്‍ക്കെയ്ക്കു രണ്ടു മില്യന്‍ യൂറോ നല്‍കണമെന്നാണു കരാര്‍.

22 മില്യന്‍ യൂറോയ്ക്കാണു ഷാല്‍ക്കെയില്‍നിന്ന് ന്യൂവറെ ബയേണ്‍ സ്വന്തമാക്കിയത്. എന്നാല്‍, അതിനുശേഷമുള്ള നേട്ടങ്ങള്‍ വഴി മറ്റൊരു എട്ടു മില്യന്‍ ഇതിനകം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഞങ്ങള്‍ ജയിക്കാത്തപ്പോഴും ബയേണ്‍ ജയിക്കുന്നത് ഞങ്ങള്‍ക്കു സന്തോഷമാണെന്നു ഷാല്‍ക്കെയുടെ മുന്‍ മേധാവി ഹോഴ്സ്റ്റ് ഹെല്‍റ്റ് പറഞ്ഞത് വെറുതേയായിരുന്നില്ല.

എന്നാല്‍, അനിശ്ചിതകാലത്തേക്കുള്ളതല്ല വിചിത്രമായ ഈ ഉപാധി. ഈ സീസണോടെ അതിന്റെ കാലാവധി അവസാനിക്കുകയാണ്. അതുകഴിഞ്ഞാല്‍ പിന്നെ ബയേണിന്റെ നേട്ടങ്ങള്‍ ഷാല്‍ക്കെയ്ക്ക് ആഘോഷമാകുകയുമില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍