ടൊറന്റോ യുണിയന്‍-എയര്‍പോര്‍ട്ട് അതിവേഗ ട്രെയിന്‍ ജൂണ്‍ ആറു മുതല്‍
Friday, April 24, 2015 6:34 AM IST
ടൊറന്റോ: ടൊറന്റോ യൂണിയന്‍ എയര്‍പോര്‍ട്ട് അതിവേഗ ട്രെയിന്‍ (അപ്) ജൂണ്‍ ആറു മുതല്‍ ഓടിത്തുടങ്ങും.

25 കിലോ മീറ്റര്‍ ഉള്ള റെയില്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ടൊറന്റൊയുടെ മുഖച്ഛായയില്‍ വന്‍ മാറ്റങ്ങള്‍ ആണ് ഉണ്ടാകുവാന്‍ പോകുന്നത്. 25 മിനിട്ടുകൊണ്ടു യാത്ര പൂര്‍ത്തിയാക്കുന്ന രീതിയില്‍ ആണ് സര്‍വീസ്. ഓരോ 15 മിനിറ്റിലും ഒരു സര്‍വീസ് എന്ന നിരക്കില്‍ 18 ട്രെയിനുകള്‍ 140 ട്രിപ്പുകള്‍ എന്ന കണക്കില്‍ ആണു പ്രാഥമിക യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ട്രിപ്പുകളുടെയും ട്രെയിനുകളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടാകും. പാന്‍ അമേരിക്കന്‍ ഗെയിമിന് ആതിഥ്യം അരുളുന്ന ടൊറന്റൊയുടെ യാത്രാക്ളേശം പരിഹരിക്കുന്നതിന് ഈ റെയില്‍ വലിയ സ്ഥാനം വഹിക്കും. എയര്‍ പോര്‍ട്ടിനും യൂണിയനും ഇടയിലായി ബ്ളോര്‍, വെസ്റേണ്‍ എന്നിങ്ങനെ രണ്ടു സ്റേഷനുകള്‍ കൂടി 'അപ്' ട്രെയിന് ഉണ്ടാകും.

ഒരു വശത്തേക്ക് 27 ഡോളര്‍, 50 സെന്റ് ടിക്കറ്റ് നിരക്കിലുള്ള സര്‍വീസ് വരുന്നതോടെ ആദ്യവര്‍ഷം 12 ലക്ഷം സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍നിന്ന് അപ്രത്യക്ഷമാകും. ഇതു ഹൈവയിലെയും മറ്റു റീജണല്‍ റോഡുകളിലെയും തെരക്ക് ഒഴിവാക്കും. എയര്‍ പോര്‍ട്ടിന്റെ വിവിധ ടെര്‍മിനലുകളിലും മറ്റു സ്റേഷനുകളിലും കൂടുതല്‍ പാര്‍ക്കിംഗ് സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രീമിയര്‍ കാതറിന്‍ വൈന്‍, ട്രാന്‍സ്പോര്‍ട്ട് മന്ത്രി സ്റീഫന്‍ ഡെല്‍ ഡ്യൂക്, മെട്രോലിങ്ക് പ്രസിഡന്റ് ബ്രൂസ് മക്വന്റൈന്‍ എന്നിവര്‍ യൂണിയനില്‍നിന്നു പിയെര്‍സന്‍ വരെ ട്രെയിനില്‍ യാത്ര ചെയ്തതിനുശേഷം ആണു ട്രെയിനിന്റെ കന്നി യാത്ര പ്രഖ്യാപിച്ചത്.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള