ഹൂസ്റണ്‍ മേയറുടെ നേതൃത്വത്തില്‍ മുപ്പതംഗം സംഘം ഇന്ത്യയിലേക്ക്
Thursday, April 23, 2015 8:13 AM IST
ഹൂസ്റണ്‍: എനര്‍ജി, സിവില്‍ ഏവിയേഷന്‍ തുടങ്ങിയ മേഖലകളില്‍ സംയുക്തമായി നിക്ഷേപസാധ്യതകള്‍ വിലയിരുത്തുന്നതിനും വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഹൂസ്റണ്‍ മേയര്‍ അനിസ് ഡി. പാര്‍ക്കറുടെ നേതൃത്വത്തില്‍ മുപ്പതംഗ വിദഗ്ധ സംഘം ഇന്ത്യയിലേക്കു തിരിച്ചു.

ഒരാഴ്ച നീണ്ട സന്ദര്‍ശനത്തിന്റെ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ, സിവില്‍ ഏവിയേഷന്‍ മന്ത്രിമാര്‍, പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി കൌണ്‍സില്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും.

ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ്, ഇന്ത്യന്‍ അമേരിക്കന്‍ വ്യാപാര പ്രതിനിധികള്‍, സിറ്റി ലീഡേഴ്സ്, ടെക്സസ് മെഡിക്കല്‍ സെന്റര്‍, ഹൂസ്റണ്‍ എയര്‍പോര്‍ട്ട് പ്രതിനിധികള്‍ എന്നിവരാണു സംഘത്തിലുളളത്.

ഹൂസ്റണിലെ 694 കമ്പനികള്‍ ഇന്ത്യയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. ആകാശ മാര്‍ഗവും കരമാര്‍ഗവും ഇന്ത്യയുമായി കച്ചവടബന്ധമുളള അമേരിക്കയിലെ മൂന്നാമത്തെ കസ്റം ഡിസ്ട്രിക്ടാണ് ഹൂസ്റണ്‍ ഗാല്‍വസ്റന്‍. 2014 ല്‍ മാത്രം ഇന്ത്യയിലേക്ക് ഹൂസ്റണില്‍നിന്ന് 1.5 ബില്യണ്‍ ഡോളര്‍ വിലയുളള സാധനങ്ങള്‍ ഇന്ത്യയിലേക്കു കയറ്റി അയച്ചതായും 3.2 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്തതായും ഹൂസ്റണ്‍ മേയര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍