വിസ്മയ വിജയവുമായി ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍
Wednesday, April 22, 2015 8:16 AM IST
മ്യൂണിക്ക്: എഫ്സി പോര്‍ട്ടോയ്ക്കെതിരേ വിസ്മയ വിജയം കുറിച്ച ബയേണ്‍ മ്യൂണിക്ക് ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ ഇടം ഉറപ്പാക്കി. ആദ്യപാദ മത്സരത്തില്‍ എഫ്സി പോര്‍ട്ടോയോട് ഒന്നിനെതിരേ മൂന്നു ഗോളിന്റെ തോല്‍വി വഴങ്ങിയതോടെ തങ്ങളെ എഴുതിത്തള്ളിയ കളിയെഴുത്തുകാര്‍ക്കു രണ്ടാം പാദ മത്സരത്തില്‍ പ്രകടന മികവിലൂടെ മറുപടി കൊടുക്കുകയായിരുന്നു ജര്‍മന്‍ ചാമ്പ്യന്മാര്‍. ആദ്യ പകുതിയില്‍ത്തന്നെ ബയേണിന്റെ കത്തിക്കയറ്റം പോര്‍ട്ടോയുടെ ആത്മവീര്യം കെടുത്തിയിരുന്നു.

രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ഹോം മത്സരം ജയിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് മ്യൂണിക്കിലെ അലയന്‍സ് അരീനയിലിറങ്ങിയ ബയേണ്‍ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു പോര്‍ച്ചുഗീസ് ക്ളബ്ബിനെ തകര്‍ത്ത് പൊളിച്ചടുക്കി.

തിയാഗോ അല്‍ക്കന്റാര, ജെറോം ബോട്ടെങ്, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, തോമസ് മുള്ളര്‍ എന്നിവരിലൂടെ ആദ്യ പകുതിയില്‍ അഞ്ചു ഗോളിനു മുന്നിട്ടുനിന്നു ബയേണ്‍. ലെവന്‍ഡോവ്സ്കി രണ്ടു ഗോളാണു നേടിയത്. രണ്ടാം പകുതിയില്‍ ജാക്സണ്‍ മാര്‍ട്ടിനസ് പോര്‍ട്ടോയ്ക്കായി ഒരു ഗോള്‍ മടക്കിയ ശേഷം സാബി അലോന്‍സോയിലൂടെ ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പിഎസ്ജിയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ച് ബാഴ്സലോണയും സെമി ഫൈനലില്‍ സ്ഥാനം ഉറപ്പാക്കി. 5-1 അഗ്രഗേറ്റ് സ്കോറിലാണ് സ്പാനിഷ് വമ്പന്‍മാരുടെ മുന്നേറ്റം. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ് ബാഴ്സ്ക്കായി രണ്ടു ഗോളും നേടിയത്.

ഓരോ ഗോള്‍ പിറക്കുമ്പോഴും എഴുപതിനായിരം വരുന്ന ഗാലറിയിലിരുന്ന കാണികളുടെ ബയേണ്‍ ആവേശം ആകാശം മുട്ടെ ഉയര്‍ന്നിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍