സല്‍മാന്‍ മോചിതനായി; ഉടനെ കുടുംബത്തോടൊപ്പം നാട്ടിലേക്കു മടങ്ങും
Wednesday, April 22, 2015 8:10 AM IST
റിയാദ്: ഇക്കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ യെമനിലെ സനായില്‍ ഹൂതി തീവ്രവാദികളുടെ ബന്ദിയായി കഴിഞ്ഞിരുന്ന മലപ്പുറം ജില്ലയിലെ അരീക്കോട് നാലകത്ത് സല്‍മാന്‍(43) ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം ബുധനാഴ്ച ഉച്ചയോടെ മോചിതനായി.

യെമനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഹൂത്തി വിമതരുമായി നടത്തിയ നിരന്തര കൂടിക്കാഴ്ചക്കുശേഷമാണു സല്‍മാനെ മോചിപ്പിക്കാമെന്ന് അവര്‍ സമ്മതിച്ചത്.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിലെ ജയിലില്‍ കഴിഞ്ഞിരുന്ന സല്‍മാനെ ബുധനാഴ്ച അവിടെയെത്തിയ എംബസി ഉദ്യോഗസ്ഥരോടൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നെന്നും അദ്ദേഹം സനായിലുള്ള കുടുംബത്തോടൊപ്പം ഉടനെ നാട്ടിലേക്കു മടങ്ങുമെന്നും റിയാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ മുഅ്മീന്‍ അറിയിച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണു സല്‍മാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം വീട്ടിലെത്തിയതെന്നും രണ്ടു ദിവസംകൊണ്ട് നാട്ടില്‍ പോകാനാകുമെന്ന് എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സല്‍മാന്‍ അറിയിച്ചെന്നും ഭാര്യ ഖമറുന്നീസ ഫോണില്‍ ലേഖകനോട് പറഞ്ഞു.

2007ല്‍ ഹദീസ് പഠനാര്‍ഥമാണു സല്‍മാനും കുടുംബവും യെമനിലെ ദമാജിലെ ദാറുല്‍ ഹദീസ് കോളജിലെത്തുന്നത്. ഒരു വര്‍ഷം മുന്‍പാണ് അദ്ദേഹം സനായിലെ കോളജിലേക്കു മാറുന്നത്. നാട്ടില്‍നിന്നും പോയ ശേഷം ഒരിക്കല്‍ പോലും ഇന്ത്യയില്‍ വന്നിട്ടില്ലാത്ത സല്‍മാനെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നതിനായി പിതാവ് അബ്ദുറഹ്മാനും സഹോദരനും യെമനില്‍ പോയിരുന്നു. ഭാര്യ ഖമറുന്നീസയും മക്കളായ ദാവൂദ്, ഫാത്തിമ, അബ്ദുറഹ്മാന്‍, അബ്ദുള്ള, മുഹമ്മദ് എന്നിവരാണു സല്‍മാനോടൊപ്പം യെമനിലുള്ളത്.

ദാറുല്‍ ഹദീസ് കോളജ് കോമ്പൌണ്ടിലെത്തിയ ഹൂതി വിമതര്‍ അവിടെനിന്നാണ് സല്‍മാനെയും കൂടെയുണ്ടായിരുന്നവരെയും പിടിച്ചുകൊണ്ടുപോയത്. ഇതില്‍ എറണാകുളം സ്വദേശി ഉള്‍പ്പെടെയുള്ളവരെ മുമ്പുതന്നെ മോചിപ്പിച്ചിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍