ന്യൂയോര്‍ക്കില്‍ 'നിര്‍ഭയ' സ്റേജ് ഷോ ഏപ്രില്‍ 26 മുതല്‍
Wednesday, April 22, 2015 6:59 AM IST
ന്യൂയോര്‍ക്ക്: 2012 ഡിസംബര്‍ 16നു സൌത്ത് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ നടന്ന കൂട്ട ബലാത്സംഗത്തിനിരയായി ചികിത്സയിലിരിക്കെ ഡിസംബര്‍ 29നു മരിച്ച ഇരുപത്തിമൂന്നുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മിച്ച 'നിര്‍ഭയ' എന്ന സ്റേജ് ഷോ ഏപ്രില്‍ 26 മുതല്‍ തുടര്‍ച്ചയായി അഞ്ച് ആഴ്ച ന്യൂയോര്‍ക്ക് ബ്ളീക്കര്‍ സ്ട്രീറ്റിലുളള ലിന്‍ റെഡ് ഗ്രോവ് തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു.

സാമൂഹ്യ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്റേജ് ഷോ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബലാത്സംഗവും ലൈംഗിക ചൂഷണവും സ്ത്രീനിന്ദയും ആഗോള വ്യാപകമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കുമ്പോള്‍ത്തന്നെ ഇതിനു വിധേയരാകുന്നവര്‍ക്കു നീതി നിഷേധിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും സര്‍വസാധാരണമായിരിക്കുന്നു. ഇതിനെതിരേ സാമൂഹ്യ മനഃസാക്ഷി ഉണരേണ്ടിയിരിക്കുന്നു. ഷിവ്ഹാന്‍സ് പിക്ച്ചേഴ്സിന്റെ ഫൌണ്ടറും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ ഷിവാനി റാവത്ത് പറഞ്ഞു.

ഫിസിയൊതെറാപ്പി വിദ്യാര്‍ഥിയായ ഇരുപത്തിമൂന്നുകാരിയായ വിദ്യാര്‍ഥിനിയെയും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും ബസില്‍ ക്രൂരമര്‍ദനത്തിന് അഞ്ചംഗ സംഘം വിധേയരാക്കിയത്. കൃത്യത്തിനുശേഷം ഇരുവരെയും ബസില്‍നിന്നു പുറത്തേക്കു വലിച്ചെറിയുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെട്ടുവെങ്കിലും പെണ്‍കുട്ടി ദിവസങ്ങളോളം മരണവുമായി മല്ലടിച്ചു. അവസാനം കീഴടങ്ങുകയായിരുന്നു. ഈ കേസില്‍ അഞ്ചുപേരെ തൂക്കിക്കൊല്ലുന്നതിനും മൈനറായ ഒരു പ്രതിക്കു ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

ഇന്ത്യയില്‍ ബലാത്സംഗത്തിനിരയാകുന്ന സ്ത്രീകളുടെ പേര്‍ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നതിനാലാണു നിര്‍ഭയ എന്ന പേര് യുവതിക്കു നല്‍കിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍