സ്വാമിയച്ചന് ന്യൂജേഴ്സി സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഊഷ്മള സ്വീകരണം
Wednesday, April 22, 2015 6:57 AM IST
ന്യൂജേഴ്സി: കാവി മുണ്ടും കാവി ഷാളും ധരിച്ച് നഗ്നപാദനായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്ന കര്‍മ്മലീത്താ വൈദികന്‍ സ്വാമി സദാനന്ദയ്ക്ക് ന്യൂജേഴ്സി സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറെയ്ന്‍ ചര്‍ച്ചില്‍ വികാരിയും ഇടവക ചുമതലക്കാരും വിശ്വാസികളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പു നല്‍കി.

ഹാര്‍ട്ട് ഓഫ് മര്‍ഡര്‍ എന്ന ഡോക്കുമെന്ററിയുടെ അമേരിക്കയിലെ ആദ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനു റയ്ലൊ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ ഡെവലപ്മെന്റ് എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളുടെ ക്ഷണമനുസരിച്ച് ഒരു മാസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്വാമി സദാനന്ദ.

ഏപ്രില്‍ 19നു(ശനി) രാവിലെ സെന്റ് തോമസ് ചര്‍ച്ചില്‍ എത്തിയ സ്വാമിയച്ചനെ വികാരി ഫാ. തോമസ് കടുക്കപ്പിളളില്‍, ട്രസ്റിമാരായ തോമസ് ചെറിയാന്‍ പടവില്‍, ടോം പെരുംപയ്യില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ്, ഇടവക ജനങ്ങള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

സാധാരണ വൈദികരില്‍നിന്നു വ്യത്യസ്തനായി നീട്ടി വളര്‍ത്തിയ തലമുടിയും നരച്ചു വെളുത്ത താടിയും കാവിമുണ്ടും ഷാളും ധരിച്ച് തികച്ചും സന്യാസ ജീവിതം നയിക്കുന്ന സപ്തതി ആഘോഷിച്ച വൈദികനെ ഒരു നോക്കു കാണുന്നതിനും കരസ്പര്‍ശം ലഭിക്കുന്നതിനുമായി എത്തി ചേര്‍ന്നവര്‍ക്ക്, അച്ചന്റെ അധരങ്ങളിലൂടെ ഒഴുകിയെത്തിയ സ്നേഹവചസുകള്‍ ശരീരത്തിനും മനസിനും കുളിര്‍മ പകര്‍ന്നു.

മധ്യപ്രദേശിലെ നരസിംഗപുര്‍ എന്ന ഗ്രാമത്തില്‍ മൂന്ന് ഹെക്ടര്‍ ഭൂമിയില്‍ പതിമൂന്ന് ചെറിയ കുടിലുകളുളള ആശ്രമത്തില്‍ താമസിച്ചുകൊണ്ട് ക്രിസ്തു ദേവന്റെ സാരോപദേശങ്ങള്‍ മര്‍ദ്ദിതരും നിരാലംബരുമായ ഗ്രാമീണ ജനതയില്‍ എത്തിക്കുന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്കുനേതൃത്വം നല്‍കിവരികയാണ് ഫാ. മൈക്കിള്‍ പുറാട്ടുകര എന്ന പേരില്‍ തൃശൂര്‍ ജില്ലയില്‍ അറിയപ്പെട്ടിരുന്ന പിന്നീട് സ്വാമി സദാനന്ദ എന്ന പേര്‍ സ്വീകരിച്ച സ്വാമിയച്ചന്‍.

ചടങ്ങില്‍ സജി സെബാസ്റ്യന്‍ സ്വാഗതം ആശംസിച്ചു. സ്വാമിയച്ചന്റെ സന്തത സഹചാരിയും സിഎംഐ സഭാംഗവുമായ ഫാ. പീറ്റര്‍ അക്കനത്ത് പൂര്‍വകാല സ്മരണകള്‍ പുതുക്കി അച്ചനെ സദസിനു പരിചയപ്പെടുത്തി. കഠിനമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോള്‍ വലംകരം പിടിച്ചു ധീരതയോടെ മുന്നേറാന്‍ കരുത്തു നല്‍കിയത് ഈശോ സാമീപ്യമായിരുന്നുവെന്ന് അച്ചന്‍ വിശദീകരിച്ചു. തുടര്‍ന്നു കാറ്റിസം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം ക്ളാസെടുത്തു. അധ്യാപകന്‍ ജോര്‍ജ് ചെറിയാന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍