സീറോ മലബാര്‍ ക്വിസ് മത്സരം: സെന്റ് ബര്‍ത്തലോമിയാ വാര്‍ഡ് വിജയി
Wednesday, April 22, 2015 5:19 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 19നു നടത്തിയ ക്വിസ് മത്സരം ഏറെ വിജ്ഞാനപ്രദവും ആവേശഭരിതവുമായി. അമേരിക്കയുടെ പ്രിയപ്പെട്ട ക്വിസ് പരിപാടിയായ ജെപ്പഡി(ഖലീുമൃറ്യ) മാതൃകയില്‍ നടത്തിയ ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളുടെയും അറിവും താത്പര്യവും, ആവേശവും ഏറെ അഭിനന്ദനാര്‍ഹമായിരുന്നു.

വിജയിയായ സെന്റ് ബര്‍ത്തലോമിയാ വാര്‍ഡിനെ പ്രതിനിധീകരിച്ച് റിയ ചിറയില്‍, അലക്സ് മനീഷ് തോപ്പില്‍, ആല്‍ഫ്രഡ് ജോസഫ് നാഴിയംപാറ, നിഖില്‍ തോമസ് പതിനഞ്ചില്‍പറമ്പില്‍, റോഷന്‍ ചിറയില്‍ എന്നീ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കു രൂപതാധ്യക്ഷന്‍ മാര്‍ ജോക്കബ് അങ്ങാടിയത്ത് ട്രോഫി സമ്മാനിച്ചു. പരേതയായ വത്സമ്മ മുണ്ടിയാനിക്കലിന്റെ സ്മര്‍ണാര്‍ഥം സഹോദരന്‍ സാബു തടവനാല്‍ സ്പോണ്‍സര്‍ ചെയ്തതാണു പ്രസ്തുത ട്രോഫി.

ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും അസിസ്റന്റ് വികാരി ഫാ. റോയ് മൂലേച്ചാലിലും വിജയികളെ അനുമോദിക്കുകയും, പങ്കെടുത്ത എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

ക്വിസ് മാസ്ററായി വളരെ ഭംഗിയായ ഈ മത്സരം നടത്തിയ ഓസ്റിന്‍ ലാകായിലിനെ ഏവരും പ്രത്യേകം അഭിനന്ദിച്ചു. ദാനിയേലിന്റെ പുസ്തകം, സുഭാഷിതങ്ങള്‍, സഭാചരിത്രം, സീറോ മലബാര്‍ ആരാധനാക്രമം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. മതബോധന സ്കൂള്‍ ഡയറക്ടര്‍ സി. ജസ്ലിന്‍ സിഎംസി, അസി. ഡയറക്ടര്‍ ഡോ. ജയരാജ് ഫ്രാന്‍സീസ്, രജിസ്ട്രാര്‍ സോണി തേവലക്കര, റാണി കാപ്പന്‍, ടോം തോമസ് എന്നിവര്‍ ഈ മത്സരം വളരെ ചിട്ടയായി നടത്തുന്നതിനു നേതൃത്വം നല്‍കി. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം