അഭയാര്‍ഥി ബോട്ട് ദുരന്തം: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി വ്യാഴാഴ്ച
Tuesday, April 21, 2015 8:22 AM IST
ബ്രസല്‍സ്: ആഫ്രിക്കയില്‍നിന്നു കടല്‍മാര്‍ഗം യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച എഴുനൂറ് അഭയാര്‍ഥികള്‍ ബോട്ട് മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തര ഉച്ചകോടി വിളിച്ചു ചേര്‍ത്തു. യൂണിയന്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ചയാണ് ഉച്ചകോടി.

മെഡിറ്ററേനിയന്‍ കടലിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുക മാത്രമായിരിക്കും അസാധാരണ ഉച്ചകോടിയുടെ അജന്‍ഡയെന്നു ടസ്ക് വ്യക്തമാക്കി. ഉടനടി ഉച്ചകോടി വിളിച്ചുചേര്‍ക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയിയും ഉച്ചകോടിക്കു പിന്തുണ പ്രഖ്യാപിച്ചു.

യൂറോപ്പിന് ഇതു കറുത്ത ദിനമാണെന്നാണ് ദുരന്ത ദിവസത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹവും അഭിപ്രാപ്പെട്ടു.

മനുഷ്യക്കടത്ത് തടയാനുള്ള നടപടികള്‍ ശക്തമാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ വിവിധ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നുണ്ട്. പട്രോളിംഗ് ശക്തമാക്കുന്നതും മനുഷ്യക്കടത്തുകാരുടെ ബോട്ടുകള്‍ തകര്‍ക്കാന്‍ സൈന്യത്തിന് അനുമതി നല്‍കുന്നതും അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു. വ്യഴാഴ്ച ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം പ്രതിക്ഷിക്കാം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍