നരേന്ദ്രന്‍ ചെറുകാടിനു റിയാദ് മീഡിയ ഫോറം യാത്രയയപ്പു നല്‍കി
Tuesday, April 21, 2015 8:13 AM IST
റിയാദ്: പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറിയും അമൃതാ ടെലിവിഷന്‍ ചാനലിന്റെ റിയാദ് പ്രതിനിധിയുമായ നരേന്ദ്രന്‍ ചെറുകാടിനും കുടുംബത്തിനും മീഡിയ ഫോറം യാത്രയയപ്പു നല്‍കി.

1991 മുതല്‍ റിയാദിലുള്ള നരേന്ദ്രന്‍ തലസ്ഥാന നഗരിയിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. യാര ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയായിരുന്ന നരേന്ദ്രന്റെ ഭാര്യ ദീപയും ടെലിവിഷന്‍ അവതാരകയായും സാംസ്കാരിക സദസുകളിലെ സാന്നിധ്യമായും പ്രവാസി സമൂഹത്തിനുചിരപരിചിതയാണ്. മലപ്പുറം കാളികാവിനു സമീപം വെള്ളയുര്‍ സ്വദേശിയായ നരേന്ദ്രന്‍, ശങ്കരന്‍ നായര്‍-കമലാക്ഷിയമ്മ ദമ്പതിമാരുടെ മകനാണ്. വിദ്യാര്‍ഥികളായ വേദാംഗി, അശ്വദ് എന്നിവരാണു മക്കള്‍.

മീഡിയ ഫോറം വൈസ് പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ച മുന്‍ പ്രസിഡന്റ് ബഷീര്‍ പാങ്ങോട് നരേന്ദ്രനു ബൊക്കേ നല്‍കി. ചടങ്ങില്‍ ഉബൈദ് എടവണ്ണ, ഷക്കീബ്, നജീം കൊച്ചുകലുങ്ക്, അക്ബര്‍ വേങ്ങാട്ട്, വി.ജെ. നസ്റുദ്ദീന്‍, മുഹമ്മദ് റബീഅ്, ഷംനാദ് കരുനാഗപ്പള്ളി, ബഷീര്‍ പാങ്ങോട്, സുരേഷ് ചന്ദ്രന്‍, ഗഫൂര്‍ മാവൂര്‍, കെ.സി.എം അബ്ദുള്ള, ജലീല്‍ ആലപ്പുഴ, ഷമീര്‍ കുന്നുമ്മല്‍, മുഹമ്മദ് ബഷീര്‍ വെണ്ണക്കോട്, ഫൈസല്‍ സി.എം.ടി, നൌഫല്‍ പാലക്കാടന്‍ തുടങ്ങിയവര്‍ നരേന്ദ്രനും കുടുംബത്തിനും യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

മീഡിയ ഫോറത്തിന്റെ മൊമെന്റോ ഷക്കീബ് കൊളക്കാടനും ഉപഹാരം നജീം കൊച്ചുകലുങ്കും സമ്മാനിച്ചു. നാസര്‍ കാരന്തൂര്‍ ഏഷ്യാനെറ്റ് റിയാദിനുവേണ്ടി പൊന്നാടയണിയിച്ചു. ഷിഫാ അല്‍ ജസീറ പോളിക്ളിനിക്കിന്റെ ഉപഹാരം അക്ബര്‍ വേങ്ങാടും ഹാര സഫാമക്കയുടെ ഉപഹാരം നൌഫല്‍ പാലക്കാടനും നല്‍കി. തന്റെ 14 വര്‍ഷത്തെ പ്രവാസ ജീവിതത്തെക്കുറിച്ച് നരേന്ദ്രന്‍ സ്വീകരണത്തിനു നന്ദി രേഖപ്പെടുത്തിക്കൊണ്ടു നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചു. ഉബൈദ് എടവണ്ണ ചടങ്ങില്‍ സ്വാഗതവും ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍