കുടിയേറ്റക്കടത്ത് തടഞ്ഞേ മതിയാകൂ: മെര്‍ക്കല്‍
Tuesday, April 21, 2015 8:12 AM IST
ബര്‍ലിന്‍: കടല്‍മാര്‍ഗം യൂറോപ്പിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ആഫ്രിക്കക്കാര്‍ മരിക്കാനിടയാകുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെടണമെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി എഴുനൂറ് അഭയാര്‍ഥികള്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണു മെര്‍ക്കലിന്റെ അഭിപ്രായപ്രകടനം.

നമ്മുടെ പടിവാതിലാണു മെഡിറ്ററേനിയന്‍. അവിടെ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നമ്മുടെ മൂല്യങ്ങള്‍ക്കു നിരക്കുന്നതല്ല. കുടിയേറ്റക്കാരെ ഇത്തരത്തില്‍ കടത്തുന്നത് തടയുക തന്നെ വേണമെന്നും മെര്‍ക്കല്‍ പറഞ്ഞു.

നാടുവിട്ടിറങ്ങിയ അഭയാര്‍ഥികള്‍ യൂറോപ്പിനെ പ്രതീക്ഷയോടെയായിരിക്കണം വീക്ഷിച്ചത്. പക്ഷേ, മരണത്തിലായിരുന്നു അവസാനം. അതു വലിയ ദുരന്തം തന്നെയായെന്നു മെര്‍ക്കലിന്റെ വക്താവും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍