'സദ്ഗമയ സദ്സംഘം' ഭക്തിനിര്‍ഭരമായി വിഷു ആഘോഷിച്ചു
Tuesday, April 21, 2015 6:49 AM IST
ഡബ്ളിന്‍: കേരളത്തനിമയില്‍ ഓട്ടുരുളിയില്‍, കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ കാര്‍ഷിക വിഭവങ്ങളാല്‍ ഒരുക്കിയ സമൃദ്ധിയുടെ പൊന്‍കണി ദര്‍ശിച്ച്, അയര്‍ലന്‍ഡിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സദ്ഗമയ സദ്സംഘം ഭക്തിനിര്‍ഭരമായി വിഷു ആഘോഷിച്ചു.

ഡബ്ളിന്‍ സെന്റ് മാര്‍ഗരറ്റ് ഹാളില്‍ നടന്ന വിപുലമായ ആഘോഷപരിപാടികള്‍ക്ക് ഇടശേരി രാമന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു. ബാലവിഹാര്‍ കുട്ടികളുടെ ഭജന, വിഷുപ്പാട്ട്, കുട്ടികള്‍ അവതരിപ്പിച്ച ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം എന്നിവ ഏറെ ഹൃദ്യമായി. വിഷ്ണുസഹസ്രനാമ ജപവും നാരായണീയ ആലാപനവും പരിപാടികള്‍ കൂടുതല്‍ ഭക്തിനിര്‍ഭരമാക്കി. പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മുരളീകൃഷ്ണന്‍ കൈനീട്ടം നല്‍കുകയും അനില്‍കുമാര്‍ വിഷുസന്ദേശം നല്‍കുകയും ചെയ്തു. വിഭവ സമൃദ്ധമായ പ്രസാദ വിതരണത്തോടെ ആഘോഷപരിപാടികള്‍ മംഗളമായി പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: അനില്‍കുമാര്‍