ഹാനോവര്‍ ട്രേഡ് ഫെയറില്‍ റോബോട്ടുകള്‍ ശ്രദ്ധാകേന്ദ്രമായി
Monday, April 20, 2015 8:15 AM IST
ഹാനോവര്‍: ലോകത്തെ ഏറ്റവും വലിയ വ്യാപാര മേളയായ ഹാനോവര്‍ ട്രേഡ് ഫെയറില്‍ റോബോട്ടുകള്‍ വ്യാപകമായി സന്ദര്‍ശകരെ ആകര്‍ഷിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടി ഉള്‍ച്ചേര്‍ക്കുന്ന തരത്തിലുള്ള പുതിയ തലമുറ യന്ത്ര മനുഷ്യരെയാണ് പ്രദര്‍ശനത്തില്‍ അണിനിരത്തിയിരുന്നത്.

അതേസമയം, ഇവയെ പ്രായോഗികതലത്തില്‍ ഫാക്ടറികളിലും മറ്റും ജോലിക്ക് ഉപയോഗിക്കാന്‍ ജര്‍മനി ഇനിയും അല്‍പ്പം കൂടി മുന്നേറാനിരിക്കുന്നു എന്നാണ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇതു കൂടി സാധ്യമാകുന്നതോടെ നാലാം വ്യാവസായിക വിപ്ളവമാണ് നടക്കാന്‍ പോകുന്നതെന്നും അവരുടെ പ്രവചനം.

സ്വിസ് ആസ്ഥാനമായ ഓട്ടോമേഷന്‍ ടെക്നോളജി ഗ്രൂപ്പ് എബിബി നിര്‍മിച്ച യൂമി തന്നെയായിരുന്നു ഹാനോവര്‍ മേളയിലെ റോബോട്ടുകള്‍ക്കിടയില്‍ താരമായത്. ഇലക്ട്രോണിക് രംഗത്തായിരിക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കുക. വാച്ചിലെ ചെറിയ ഭാഗങ്ങളും മൊബൈല്‍ ഫോണിന്റെ ഘടകങ്ങളും വരെ കൈകാര്യം ചെയ്യാനുള്ള സൂക്ഷ്മത ഇതിനുണ്െടന്ന് കമ്പനി അവകാശപ്പെടുന്നു.

യൂമിയെ മനുഷ്യര്‍ക്കൊപ്പം ഇടകലര്‍ത്തി ജോലി ചെയ്യിക്കുന്നതില്‍ യാതൊരു സുരക്ഷാ പ്രശ്നങ്ങളുമില്ലെന്നും നിര്‍മാതാക്കള്‍. ഈ അവകാശവാദം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നേരിട്ട് പരീക്ഷിച്ച് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

ഏപ്രില്‍ 12 ന് ഹാനോവറില്‍ ആംഗലാ മെര്‍ക്കലും നരേന്ദ്ര മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര വ്യവസായി എക്സിബിഷന്‍ ഏപ്രില്‍ 17 നാണ് സമാപിച്ചത്. ഇന്ത്യയായിരുന്നു മേളയുടെ ഇത്തവണത്തെ പങ്കാളിത്ത രാജ്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍