ഓവര്‍സീസ് ഇന്ത്യന്‍ പേരന്റസ് കൌണ്‍സില്‍ നിലവില്‍ വന്നു
Monday, April 20, 2015 8:14 AM IST
ദമാം: ഒഐസിസി ദമാം റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൌദി അറേബ്യയിലെ ദമാമിലെ രക്ഷിതാക്കളുടെ സഹായിക്കുന്നതിനും അക്കാദമിക് വിഷയങ്ങളില്‍ സഹായിക്കുന്നതിനുമായി ഓവര്‍സീസ് ഇന്ത്യന്‍ പേരന്റിംഗ് കൌണ്‍സില്‍ രൂപീകരിച്ചു.

ദമാമിലെ രക്ഷിതാക്കള്‍ക്കുവേണ്ട സഹായം നല്‍കുന്നതിനും കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ അക്കാദമിക് സെമിനാറുകള്‍, കൌണ്‍സിലിംഗുകള്‍, കരിയര്‍ ഗൈഡന്‍സുകള്‍ എന്നിവ നല്‍കുന്നതോടൊപ്പം ദമാമിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നേരിടുന്ന വിഷയങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും അവയ്ക്ക് പരിഹാരം കാണാനും ശ്രമിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം.

ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള രക്ഷിതാക്കള്‍ക്കും ഇതില്‍ പങ്കാളിത്തം ഉണ്ടാവും. ദമാമിലെ രക്ഷിതാക്കളുടെ ഒരു പൊതുവേദിയായി ഈ കൌണ്‍സിലിനെ മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു.

കൌണ്‍സിലിന്റെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രക്ഷിതാക്കള്‍ മാത്രം അടങ്ങിയ പതിനഞ്ചംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി. സന്തോഷ് വിളയില്‍ കമ്മിറ്റി കണ്‍വീനറായും പ്രവര്‍ത്തങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ഉപദേശക സമിതിയും രൂപീകരിച്ചു. ഉപദേശക സമിതി അംഗങ്ങളായി അഹമദ് പുളിക്കല്‍ (രക്ഷാധികാരി), ബിജു കല്ലുമല (ചെയര്‍മാന്‍), സി. അബ്ദുള്‍ ഹമീദ്, പി.എം. നജീബ്, മാത്യു ജോസഫ്, ഇ.കെ സലിം എന്നിവരെ തെരഞ്ഞെടുത്തു.

ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുവാന്‍ ബദര്‍ അല്‍ റാബിയില്‍ ചേര്‍ന്ന രക്ഷിതാക്കളുടെ യോഗം തീരുമാനിച്ചു. ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. അബ്ദുള്‍ ഹമീദ്, മാത്യു ജോസഫ്, ബൈജു കുട്ടനാട്, സുരേഷ് റാവുത്തര്‍, ഹനീഫ് റാവുത്തര്‍, സന്തോഷ് വിളയില്‍, സക്കീര്‍ ഹുസൈന്‍, നൌഷാദ് തഴവ, അസാപ് ഹുസൈന്‍, റഫീക്ക് കൂട്ടിലങ്ങാടി, അസിഫ് താനൂര്‍ എന്നിവര്‍ സംസാരിച്ചു. ഇ.കെ. സലിം സ്വാഗതവും സക്കീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം