'സൌദിയിലെ കാസര്‍ഗാേേഡ് ജില്ലാ കെഎംസിസിക്കു പൊതുവേദി'
Monday, April 20, 2015 7:32 AM IST
റിയാദ്: സൌദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുകയും വളരെ സജീവമായി സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന കാസര്‍ഗോഡ് ജില്ലാ കെഎംസിസിയുടെ യൂണിറ്റുകളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു കോഓര്‍ഡിഷേന്‍ കമ്മിറ്റി രൂപവത്കരിക്കുമെന്നു ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന കരകൌശല വികസന ബോര്‍ഡ് ചെയര്‍മാനുമായ എം.സി. ഖമറുദ്ദീന്‍ പറഞ്ഞു.

ഹൃസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ അദ്ദേഹം കെഎംസിസി നേതാക്കളോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ജില്ലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന മുസ്ലിം ലീഗിന്റെ ബൈത്തുറഹ്മ പദ്ധതിയോടൊപ്പം നിന്നുകൊണ്ടു കാസര്‍ഗോഡ് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ചെങ്ങള പഞ്ചായത്തിലെ ചെങ്കളയില്‍ 40 ഫ്ളാറ്റുകളുള്ള ഒരു പാര്‍പ്പിട സമുച്ചയം ഉടനെ നിര്‍മാണമാരംഭിക്കും. വീടില്ലാത്ത പാവപ്പെട്ടവര്‍ക്കു വീടു നല്‍കുന്നതിന്റെ ഭാഗമായായിരിക്കും പാര്‍പ്പിടസമുച്ചയത്തിന്റെ നിര്‍മാണം.

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കു ജില്ലാ മുസ്ലിം ലീഗിന്റെ കൂടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി അഞ്ചു ലക്ഷം രൂപ വരെ നഷ്ട പരിഹാരം സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. അതുപോലെ ബദിയടുക്കയിലെ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നത് എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കുള്ള ചികിത്സ ലക്ഷ്യമിട്ടുകൊണ്ടാണ്. ഈ മെഡിക്കല്‍ കോളജിനു സമീപം ജില്ലാ മുസ്ലിം ലീഗ് നേതൃത്വം വിപുലമായ സൌകര്യങ്ങളോടെ സിഎച്ച് സെന്റര്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളതായും ഖമറുദ്ദീന്‍ പറഞ്ഞു. ജില്ലയില്‍ തൃക്കരിപ്പൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ത്തന്നെ സി.എച്ച് സെന്റര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും മതസൌഹാര്‍ദ്ദം പുനഃസ്ഥാപിക്കുന്നതിനുമായി പഞ്ചായത്തുതല പദയാത്രയും നടത്തുന്നുണ്ട്.

കരകൌശല വസ്തുക്കളുടെ കയറ്റുമതി നേരിട്ടു നടത്തുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാന കരകൌശല വികസന ബോര്‍ഡ് ചെയര്‍മാന്‍കൂടി ആയ എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങിലെ പ്രശസ്തമായ മാളുകളും ഷോപ്പിംഗ് കോംപ്ളക്സസുകളും കേന്ദ്രീകരിച്ച് വില്പനകേന്ദ്രങ്ങളും ആരംഭിക്കാന്‍ പദ്ധതിയുണ്ട്. പ്രവാസികളുടെ പുനരധിവാസ പദ്ധതികളുടെ ഭാഗമായി കരകൌശല വസ്തുക്കളുടെ നിര്‍മാണവും വിതരണവും വിപുലമായി നടത്തുന്നതിനുള്ള സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായി കരകൌശല നിര്‍മാണരംഗത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ ഇപ്പോള്‍ ആ രംഗത്ത് പ്രവര്‍ത്തിക്കാന്‍ വിമുഖത കാണിക്കുന്നതായി കാണുന്നുണ്ട്. അതിനു പരിഹാരമായി ഇതു സ്കൂളുകളില്‍ പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂളുകളിലെ പ്രവര്‍ത്തി പരിചയ ക്ളാസുകളിലും മേളകളിലും നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ വഴി വില്‍പ്പന നടത്താനുള്ള സൌകര്യമൊരുക്കുന്നതിനും ബോര്‍ഡ് ആലോചിച്ച് വരുന്നതായും ചെയര്‍മാന്‍ പറഞ്ഞു.

കെഎംസി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ എം. അബ്ദുസലാം തൃക്കരിപ്പൂര്‍, ടി.വി.പി ഖാലിദ്, ഷംസുദ്ദീന്‍ പെരുമ്പട്ട, മുഹമ്മദ് കളപ്പാറ, ഹമീദ് തോട്ട തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍