കെ.വി. തോമസ് എംപിക്കു മെല്‍ബണ്‍ രൂപത സ്വീകരണം നല്‍കി
Monday, April 20, 2015 7:31 AM IST
മെല്‍ബണ്‍: ക്രൈസ്തവര്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വേണ്ടി എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ള നേതാവാണു കെ.വി. തോമസ് എംപി എന്നു സീറോ മലബാര്‍ സഭ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍.

ഓസ്ട്രേലിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കെ.വി. തോമസിനു സീറോ മലബാര്‍ സഭ മെല്‍ബണ്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്.

സംസ്ഥാനത്തെ ഫിഷറീസ് മന്ത്രി ആയിരുന്നപ്പോള്‍ തീരദേശ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയും കേന്ദ്രത്തില്‍ കൃഷി മന്ത്രി ആയിരുന്നപ്പോള്‍ മലയോര കര്‍ഷകര്‍ക്കുവേണ്ടിയും അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ക്രൈസ്തവ സഭാംഗങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്െടന്നു ബിഷപ് പറഞ്ഞു. വിദ്യാര്‍ഥി ആയിരിക്കുന്ന കാലംമുതലേ തന്റെ സുഹൃത്താണ് അദ്ദേഹമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയിലെ മലയാളി സമൂഹം അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം കണ്െടത്താന്‍ ശ്രമിക്കുമെന്ന് കെ.വി. തോമസ് പറഞ്ഞു.

രൂപത ആസ്ഥാനമായ മെക്കള്‍ഹാം ബിഷപ്ഹൌസില്‍ നല്‍കിയ സ്വീകരണത്തില്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുര, ഫാ. ജോസി കിഴക്കേത്തല, ഫാ. വര്‍ഗീസ് വാവോലി, രൂപത ട്രസ്റി ജെയിസ്റ്റോ ജോസഫ്, വിവിധ കമ്മിറ്റി ഭാരവാഹികളായ ഷിജി ജേക്കബ്, ജോര്‍ജ് കൊച്ചുപുര, അസീസ് മാത്യു, പോള്‍ മേനാച്ചേരി, ഓസ്ട്രേലിയന്‍ ലിബറല്‍ പാര്‍ട്ടി മെല്‍ബണ്‍ വൈസ് പ്രസിഡന്റ് പ്രസാദ് ഫിലിപ്പ്, ഒഐസിസി പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, മെല്‍ബണ്‍ മാര്‍ത്തോമ ചര്‍ച്ച് സെക്രട്ടറി ജോര്‍ജ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി