നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി
Monday, April 20, 2015 5:27 AM IST
ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്‍, ഏപ്രില്‍ 12 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഗ്ളെന്‍ ഓക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വളരെ വിപുലമായി വിഷു ആഘോഷിക്കുകയുണ്ടായി. വിഷുക്കണിയോടെ പരിപാടികള്‍ ആരംഭിച്ചു. വിഷുക്കണിയും രംഗസജ്ജീകരണവും മനോഹരമാക്കിയതു സുധാകരന്‍ പിള്ളയും ട്രഷറര്‍ പ്രദീപ് മേനോനും ചേര്‍ന്നാണ്. വിഷുക്കണിയോടൊപ്പം പ്രാര്‍ത്ഥനാ ഗാനം ഡോ. സുവര്‍ണയുടെ നേതൃത്വത്തില്‍ എന്‍.ബി.എ. മലയാളം സ്കൂള്‍ കുട്ടികള്‍ ആലപിച്ചു. കണി കണ്ടതിനു ശേഷം എന്‍.ബി.എ. കുടുംബത്തിലെ കാരണവരായ ഡോ. എ.കെ.ബി. പിള്ളയും ശ്രീമതി ലീലാമ്മയും ചേര്‍ന്ന് എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി.

സെക്രട്ടറി ശോഭാ കറുവക്കാട്ടിന്റെ ആമുഖപ്രസംഗത്തിനുശേഷം പ്രസിഡന്റ് രഘുവരന്‍ നായര്‍ സ്വാഗതം ആശംസിക്കുകയും എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേരുകയും ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത, എന്‍.ബി.എ.യുടെ സ്ഥാപക പ്രസിഡന്റ് ഡോ രാമചന്ദ്രന്‍ നായര്‍ വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ചു വിശദീകരിക്കുകയും ഏവര്‍ക്കും വിഷുവിന്റെ സര്‍വ മംഗളങ്ങളും നേരുകയും ചെയ്തു.

മറ്റൊരു അതിഥിയായ ഡോ. സ്വപ്നാ നായര്‍ വിഷു ആശംസകള്‍ നേര്‍ന്നു. എന്‍ബിഎയുടെ വേദികളില്‍ നൃത്തച്ചുവട് വച്ചാണ് തന്റെ ബാല്യം കടന്നുപോയതെന്നും ഇത്തരം ആഘോഷങ്ങളിലൂടെ ആര്‍ഷഭാരത സംസ്കാരം കുറച്ചെങ്കിലും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാനാവും എന്നും ഡോ. സ്വപ്നാ നായര്‍ പറഞ്ഞു. ബോര്‍ഡ് ഓഫ് ട്രസ്റിക്കുവേണ്ടി റിക്കാര്‍ഡിംഗ് സെക്രട്ടറി ജനാര്‍ദനന്‍ തോപ്പില്‍ വിഷു ആശംസിച്ചുകൊണ്ടു സംസാരിച്ചു.

അസോസിയേഷന്റെ ഈ വര്‍ഷത്തെ സുവനീര്‍ 'പാഞ്ചജന്യം' പ്രകാശനം ചെയ്തു. പ്രസിഡന്റ് രഘുവരന്‍ നായര്‍ സുവനീറിന്റെ കോപ്പി മുഖ്യാതിഥിയായ ഡോ. രാമചന്ദ്രന്‍ നായര്‍ക്ക് നല്‍കിക്കൊണ്ടു പ്രകാശനം നിര്‍വഹിച്ചു. ചീഫ് എഡിറ്റര്‍ കുന്നപ്പള്ളില്‍ രാജഗോപാലിന്റെയും എഡിറ്റര്‍ ജയപ്രകാശ് നായരുടെയും നേതൃത്വത്തിലാണു സുവനീര്‍ അണിയിച്ചൊരുക്കിയത്.
വീടുകളില്‍വച്ച് പാചകം ചെയ്തുകൊണ്ടുവന്ന വിഷു സദ്യ വിഭവസമൃദ്ധവും സ്വാദിഷ്ടവും ആയിരുന്നു. വിഷു സദ്യയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായി സുശീലാമ്മ പിള്ളയും പ്രമീള നായരും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു.

സദ്യക്കുശേഷം ആഘോഷങ്ങളുടെ രണ്ടാം പകുതിയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മോഹിനിയാട്ടം, ഭരത നാട്യം, സിനിമാറ്റിക് നൃത്തങ്ങള്‍ എന്നിവയോടൊപ്പം സംഗീതത്തിലും പ്രാഗല്‍ഭ്യം ഉണ്െടന്ന് എന്‍ബിഎയിലെ കുട്ടികള്‍ തെളിയിച്ചു. ശബരീനാഥ് നായരും രാംദാസ് കൊച്ചുപറമ്പിലും, പ്രഭാകരന്‍ നായരും ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി.
ജോയിന്റ് സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ കൃതജ്ഞത അര്‍പ്പിച്ചുകൊണ്ടു സംസാരിച്ചു. കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ഹരിലാല്‍ നായരും, വൈസ് പ്രസിഡന്റും കള്‍ച്ചറല്‍ കമ്മിറ്റി കോചെയറുമായ കലാ സതീഷും എംസിമാരായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍