യൂറോപ്പില്‍ ജര്‍മനിയിലെ കുട്ടികളുടെ സംഖ്യ വളരെയേറെ കുറയുന്നു
Saturday, April 18, 2015 6:27 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളിലെ കുട്ടികളുടെ ജനസംഖ്യാ പഠനത്തില്‍ ജര്‍മനിയാണ് ഏറ്റവും പിന്നിലെന്നു യൂറോപ്യന്‍ പോപ്പുലേഷന്‍ അനാലിസിസ് ഇന്‍സ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു.

ജര്‍മനിയിലെ 15 വയസില്‍ താഴെയുള്ള കുട്ടികളുടെ ജനസംഖ്യാ അനുപാതം 13 ശതമാനം മാത്രമാണ്. ഇത് ഏറെ ഭയാനകവും ജര്‍മന്‍ ജനതയുടെ വംശനാശത്തിനും കാരണമാകുമെന്ന് യൂറോപ്യന്‍ പോപ്പുലേഷന്‍ അനാലിസിസ് ഇന്‍സ്റിറ്റ്യൂട്ട് മുന്നറിയിപ്പു നല്‍കുന്നു. ഏറ്റവും കൂടുതല്‍ കുട്ടികളുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ശരാശരി കണക്കനുസരിച്ച് ഇപ്രകാരമാണ്: അയര്‍ലന്‍ഡ് 22, ഫ്രാന്‍സ് 19, ഇംഗ്ളണ്ട് 18, ഡെന്‍മാര്‍ക്ക് 17, സ്വീഡന്‍ 17, ബെല്‍ജിയം 17.

ജര്‍മനിയിലെ ഉയര്‍ന്ന ജനസംഖ്യാ പ്രായനിരക്കും കുട്ടികളുടെ എണ്ണത്തിലെ കുറവും സാമ്പത്തിക, വ്യവസായ, തൊഴില്‍ മേഖലകളില്‍ ജര്‍മനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കും. ഇതിനെ ഒരു പരിധിവരെ മറികടക്കാന്‍ ഭരണകക്ഷിയിലെ മുഖ്യ കക്ഷിയായ ക്രിസ്ത്യന്‍ സോഷ്യലിസ്റ് യൂണിയന്‍ (സിഎസ്യു) ഒരു പുതിയ ഫോര്‍മുല നിര്‍ദേശിക്കുന്നു. ഓരോ കുടുബത്തിലെയും മൂന്നാമത്തെ കുട്ടിക്ക് ഇപ്പോള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള കിന്‍ഡര്‍ഗെല്‍ഡ് (കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം) 190 യൂറോ എന്നത് ഇരട്ടിയാക്കുക എന്നതാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍