നാമം ഒരുക്കുന്ന വിഷു ആഘോഷ പരിപാടികള്‍ ഏപ്രില്‍ 19ന്
Saturday, April 18, 2015 3:54 AM IST
ന്യൂജേഴ്സി: വിഷു ദിനത്തിന്റെ നന്മയും പാരമ്പര്യവും തലമുറകള്‍ക്കു പകര്‍ന്നു നല്‍കാന്‍ നാമം ഒരുക്കുന്ന വിഷു ആഘോഷ പരിപാടികള്‍ ഏപ്രില്‍ 19നു ഞായറാഴ്ച രാവിലെ 9.45നു ആരംഭിക്കും. എഡിസണ്‍ ഹെര്‍ബേര്‍ട്ട് ഹ്യൂവര്‍ മിഡില്‍ സ്കൂളില്‍ (ഒലയലൃ വ്ീീലൃ ാശററഹല ടരവീീഹ, 174 ഖരസീി അ്ല, ഋറശീി ചഖ 08837) നടത്തുന്ന ആഘോഷങ്ങളില്‍ ന്യൂജേഴ്സിയിലെ വിവിധ സംഗീതനൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കും.

രാവിലെ 9.45നു വിഷുകണികാണല്‍ ചടങ്ങോടുകൂടി പരിപാടികള്‍ക്കു തുടക്കംകുറിക്കും. നാമം കള്‍ച്ചറല്‍ സെക്രട്ടറി മാലിനി നായര്‍ സ്വാഗതം പറയും. തുടര്‍ന്ന് വിവിധ സംഗീത നൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വാദ്യസംഗീത പരിപാടി ആരംഭിക്കും. സംഗീത അധ്യാപകരായ ശങ്കര മേനോന്‍, മഞ്ജുള രാമചന്ദ്രന്‍, ജാനകി അയ്യര്‍, ചിത്ര രാജന്‍കുമാര്‍, രാധാ നാരായണന്‍, ശാരദ ഘണ്ടാവില്ലി എന്നിവരുടെ വിദ്യാര്‍ത്ഥികളാണ് സംഗീത ഇനങ്ങളില്‍ പങ്കെടുക്കുന്നത്. മധ്യാഹ്നത്തോടെ ആരംഭിക്കുന്ന നൃത്തപരിപാടികളില്‍ ന്യൂജേഴ്സി നാട്യ സംഗമം, ശിവ ജ്യോതി ഡാന്‍സ് അക്കാഡമി, നൃത്യ മാധവി സ്കൂള്‍ ഓഫ് ഡാന്‍സ്, ഷിവാലിക് സ്കൂള്‍ ഓഫ് ഡാന്‍സ്, അപൂര്‍വ്വ നൂപുര, സൌപര്‍ണ്ണിക ഡാന്‍സ് അക്കാഡമി, അംബിക രാമന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് തുടങ്ങിയ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കും.
വൈകുന്നേരം മൂന്നിനു നടക്കുന്ന പൊതുചടങ്ങില്‍ വിവിധ സാംസ്കാരിക നായകര്‍ പങ്കെടുക്കുമെന്നു പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അറിയിച്ചു. എല്ലാ വര്‍ഷത്തെയും പോലെ നൃത്തസംഗീത അധ്യാപകരെ ഈവര്‍ഷവും ആദരിക്കുന്നതാണെന്ന് വൈസ് പ്രസിഡന്റ് വിനീത നായര്‍ അറിയിച്ചു.

ഓരോ മലയാളിയുടെയും മനസില്‍ അവിസ്മരണീയമായ വിഷു സ്മരണകള്‍ നല്കാന്‍ പാകത്തിനാണ് പരിപാടികള്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് പറഞ്ഞ സ്ഥാപക നേതാവായ മാധവന്‍ ബി നായര്‍ പരിപാടികള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു. ടിക്കറ്റ് വെച്ചു നിയന്ത്രിക്കുന്ന പരിപാടികള്‍ മികവുറ്റതാക്കാന്‍ സംഘടാകര്‍ എല്ലാ ശ്രമവും നടത്തിക്കഴിഞ്ഞുവെന്ന് സെക്രട്ടറി അജിത് പ്രഭാകറും, ട്രഷറര്‍ ഡോ. ആഷാ വിജയകുമാറും അറിയിച്ചു.

റിപ്പോര്‍ട്ട്: രാജശ്രീ പിന്റോ