ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങളും വാര്‍ഷികധ്യാനവും നടത്തി
Saturday, April 18, 2015 3:53 AM IST
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ മാര്‍ച്ച് 20, 21, 22 തീയതികളില്‍ ചാവറ മിനിസ്ട്രി യുഎസ്എയുടെ ആഭിമുഖ്യത്തില്‍ ഫാ. ജോ പാച്ചേരിയില്‍ സിഎംഐ, ഷൈജാന്‍ വടക്കന്‍, തോമസ് ആന്‍ഡ് ഡോളി, ആലുംപറമ്പില്‍ ഷിക്കാഗോ എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഷിക ധ്യാനം നടത്തി. പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ ജോ അച്ചന്റെ സന്ദേശങ്ങളും, ഷൈജാന്‍ വടക്കന്റെ സാക്ഷ്യവും ഗാനശുശ്രൂഷയും അനേകം വ്യക്തികളിലും കുടുംബങ്ങളിലും മാനസാന്തരം ഉളവാക്കുകയും, തോമസ് ആന്‍ഡ് ഡോളിയടെ നേതൃത്വത്തില്‍ വിശുദ്ധ ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ ഇടവകയുടെ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി മധ്യസ്ഥ പ്രാര്‍ഥന നടത്തി. മിഷിഗണ്‍ സ്വദേശിയായ കെവിന്‍ സ്വാല കുട്ടികള്‍ക്ക് ഇംഗ്ളീഷില്‍ ധ്യാനാത്മക ചിന്തകള്‍ പങ്കുവച്ചു.

ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ക്കു വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനും ജോ പാച്ചേരിയില്‍ സി എംഐ അച്ചനും നേതൃത്വം നല്‍കി. ദേവാലയത്തിനു ചുറ്റും ജനങ്ങള്‍ കുരുത്തോല വഹിച്ചുകൊണ്ട് പ്രദക്ഷിണം നടത്തി. ഓശാന ഞായറാഴ്ചയിലെ ഉച്ചഭക്ഷണം സ്പോണ്‍സര്‍ ചെയ്തതു തോട്ടത്തില്‍ ജയിംസ് ആന്‍ഡ് എല്‍സമ്മ കുടുംബമായിരുന്നു.

പെസഹാ വ്യാഴാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ ഭക്തിനിര്‍ഭരം അനുഷ്ഠിക്കുകയും ഈശോ അന്ത്യത്താഴ വേളയില്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് ഇടവകാംഗങ്ങളായ ജയിംസ് തോട്ടം, കോര അച്ചിറത്തലയ്ക്കല്‍, പുന്നൂസ് ഇടത്തിപ്പറമ്പില്‍, ജോയി വെട്ടിക്കാട്ട്, എസ്തപ്പാന്‍ തെക്കനാട്ട്, ജോസ് ചാരംകണ്ടത്തില്‍, റെനി പഴയിടത്ത്, ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതില്‍, തോമസ് ഇലയ്ക്കാട്ട്, ബേബി വെട്ടിക്കാട്ട്, സോമന്‍ ചാക്കച്ചേരില്‍, സജി മരങ്ങാട്ടില്‍ എന്നിവരുടെ കാലുകഴുകി ചുംബിച്ച് വികാരി ഫാ. രാമച്ചനാട്ട് ഫിലിപ്പ് ആരാധനാ സമൂഹത്തിന് എളിമയുടെ സന്ദേശം പകര്‍ന്നു നല്‍കി. തുടര്‍ന്നു വികാരിയച്ചനും ഇടവകസമൂഹത്തെ പ്രതിനിധീകരിച്ച് മൂത്ത കാരണവരായി എസ്തപ്പാന്‍ തെക്കനാട്ടും ഒന്നിച്ചുചേര്‍ന്ന് അപ്പം മുറിച്ച് ഇടവകാംഗങ്ങള്‍ക്കു നല്‍കി. പെസഹാ അപ്പവും പാലും തയ്യാറാക്കിക്കൊണ്ടുവന്നത് നാലു കൂടാരയോഗങ്ങളില്‍നിന്നുമായിരുന്നു. പെസഹാ വ്യാഴാഴ്ചത്തെ ഭക്ഷണം സ്പോണ്‍സര്‍ ചെയ്തത് ജോംസ് & ജീന കിഴക്കേക്കാട്ടിലും, ജോസ് & ജെലീന ചാമക്കാലായിലുമാണ്.

ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങള്‍ക്കും ശേഷം ഡി.ആര്‍.ഇ. ബിജു തേക്കിലക്കാട്ടിന്റെ പരിശീലനത്താല്‍ സണ്‍ഡേസ്കൂള്‍ കുട്ടികള്‍ കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ ചൊല്ലിയത് വളരെ മനോഹരമായിരുന്നു. ദുഃഖവെള്ളിയാഴ്ചത്തെ ഭക്ഷണം സ്പോണ്‍സര്‍ ചെയ്തത് നാഷണല്‍ ഗ്രോസറീസ് കട ഉടമ വരാപ്പാടത്ത് ഇടിക്കുള ചാണ്ടിയായിരുന്നു (ചാണ്ടിച്ചേട്ടന്‍).

ഉയിര്‍പ്പു തിരുനാളിന് അള്‍ത്താര അലങ്കരിക്കാന്‍ നേതൃത്വം നല്‍കിയത് അലക്സ് ആന്‍ഡ് ആശ പുല്ലുകാട്ട് കുടുംബമായിരുന്നു. വിശുദ്ധ കുര്‍ബാന മധ്യേ അള്‍ത്താരയില്‍ ഈശോ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് പ്രകാശശബ്ദസാങ്കേതിക വിദ്യയുടെ സഹായത്താല്‍ അവതരിപ്പിച്ചത് ഏവര്‍ക്കും ഒരു നവ്യാനുഭവമായിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഫിലിപ്സണ്‍ താന്നിച്ചുവട്ടിലും കുടുംബവും മാക്സിന്‍ ഇടത്തിപ്പറമ്പിലും കുടുംബവും സജി മരങ്ങാട്ടിലും കുടുംബവും, സിമി തൈമാലിലും ട്രില്ലി കാക്കാട്ടിലുമായിരുന്നു. ഓരോ ദിനത്തിനും അനുയോജ്യമായ ആത്മീയപ്രഭാഷണം വികാരി രാമച്ചനാട്ട് ഫിലിപ്പച്ചന്‍ നടത്തുകയുണ്ടായി.

കൈക്കാരന്മാരായ തമ്പി ചാഴിക്കാട്ടും രാജു തൈമാലിയും വിശുദ്ധവാര പരിപാടികള്‍ സജ്ജീകരിക്കുന്നതിനു പാരീഷ് കൌണ്‍സിലംഗങ്ങള്‍ക്കു നേതൃത്വം നല്‍കി. ബിബി തൈക്കാട്ടിന്റെയും ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതിലിന്റേയും നേതൃത്വത്തില്‍ അള്‍ത്താര ശുശ്രൂഷകള്‍ നടത്തപ്പെട്ടു. ജെയിനാ ഇലയ്ക്കാട്ട്, ജെസ്റിന്‍ അച്ചിറത്തലയ്ക്കല്‍, മാക്സിന്‍ ഇടത്തിപ്പറമ്പില്‍ എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ഉയിര്‍പ്പുദിനത്തില്‍ വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയത് ലീജിയണ്‍ ഓഫ് മേരി അംഗങ്ങളായിരുന്നു. ജയിസ് കണ്ണച്ചാന്‍ പറമ്പില്‍ (പിആര്‍ഒ ആന്‍ഡ് സെക്രട്ടറി) അറിയിച്ചതാണിത്. ഫേട്ടോ: ആശ്ന മാന്തുരുത്തില്‍, ബിബി തെക്കനാട്ട്, ലിബിന്‍ താന്നിച്ചുവട്ടില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം