മായ ഹാരിസ് ഹില്ലരിയുടെ ഉപദേശക സമതി തലപ്പത്ത്
Friday, April 17, 2015 3:54 AM IST
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നേടുന്നതിനു ശക്തമായ പ്രചാരണം നടത്തുന്ന ഹില്ലരി ക്ളിന്റന്റെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്ന പോളിസി ടീമിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയായിലെ പ്രഥമ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ കമല ഹാരിസിന്റെ സഹോദരിയുമായ മായ ഹാരിസിനെ നിയമിച്ചു.

ഏപ്രില്‍ 15 ന് ഹില്ലരി ക്ളിന്റനാണ് ഔദ്യോഗികമായി മൂന്നംഗ ഉപദേശക സമിതിയെ പ്രഖ്യാപിച്ചത്. ആന്‍ ഒ ലയ്റി (മുന്‍ ലജിസ്ളേറ്റീവ് ഡയറക്ടര്‍) ജേക്ക് സുളളിവാന്‍ (മുന്‍ ഹില്ലരി അഡ്വൈസര്‍) എന്നിവരാണ് മറ്റു രണ്ട് അംഗങ്ങള്‍.

ഫോര്‍ഡ് ഫൌണ്േടഷന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുളള മായ ഹാരിസ് അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ്.

1960 ല്‍ ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധ ഡോ. ശ്യാമള ഗോപാലന്‍ - ഹാരിസ് ദമ്പതികളുടെ മക്കളാണ് കമല ഹാരിസും മായ ഹാരിസും.

ഒബാമ അഡ്മിനിസ്ട്രേഷനില്‍ അഞ്ചു വര്‍ഷം അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞ സെപ്റ്റംബറില്‍ സേവനം അവസാനിപ്പിച്ച ടോണി വെസ്റാണ് മായയുടെ ഭര്‍ത്താവ്. ഈ ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത് മീന. സാന്‍ ഒസെ ലിങ്കന്‍ ലൊ സ്കൂളില്‍ സിഇഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മായയെ ഉന്നത തസ്തികയില്‍ നിയമിച്ചത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പിന്തുണ പ്രതീക്ഷിച്ചാണ് എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍