മിസിസാഗാ ഉപതെരഞ്ഞെടുപ്പില്‍ തോമസ് തോമസ് കൌണ്‍സിലര്‍ സ്ഥാനാര്‍ഥി
Thursday, April 16, 2015 8:23 AM IST
മിസിസാഗ: വാര്‍ഡ് നാലില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മലയാളിയായ തോമസ് തോമസ് കൌണ്‍സിലര്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. തോമസിനെകൂടാതെ 25 പേരാണു കൌണ്‍സിലര്‍സ്ഥാനം ലക്ഷ്യമിട്ട് അങ്കത്തട്ടിലുള്ളത്. ഏപ്രില്‍ 27നാണു തെരഞ്ഞെടുപ്പ്. അന്നേദിവസം അസൌകര്യമുള്ളവര്‍ക്ക് ഏപ്രില്‍ 13, 18, 19 തീയതികളില്‍ മുന്‍കൂറായി വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്.

16 വര്‍ഷമായി വാര്‍ഡ് നാലിനെ പ്രതിനിധീകരിക്കുന്ന ഫ്രാങ്ക് ഡൈല്‍ പീല്‍ റീജണ്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നു കൌണ്‍സിലര്‍ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.

വാര്‍ഡ് നാലിന്റെ സ്ഥിരം കൌണ്‍സിലറായ ഡയിലിന്റെ ഈ മാറ്റം 36 വര്‍ഷം അതേ വാര്‍ഡിലെ സ്ഥിരതാമസക്കാരനായ തോമസിനു സ്വന്തം തട്ടകത്തില്‍ മത്സരിക്കാന്‍ വീണുകിട്ടിയ അവസരമായാണു നിരീക്ഷകര്‍ കാണുന്നത്.

മിസിസാഗായിലെ എംപിപി മാരായ ഹരീന്ദര്‍ ടാക്കര്‍ പ്രത്യക്ഷമായും ദീപിക ദമെര്‍ല പരോക്ഷമായും പിന്തുണക്കുന്ന തോമസിന്റെ വിജയസാധ്യത വളരെ കൂടുതലാണ്.

ഡാഫറിന്‍ പീല്‍ കാത്തലിക് സ്കൂള്‍ ബോര്‍ഡ് ട്രസ്റിയാണു തോമസ് ഇപ്പോള്‍.

വാര്‍ഡ് അഞ്ചില്‍നിന്നു ഹാട്രിക്കോടെ സ്കൂള്‍ ബോര്‍ഡ് ട്രസ്റിയായി തെരഞ്ഞെടുക്കപ്പെട്ട തോമസ് കൌണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ സ്ഥാനം രാജിവയ്ക്കേക്കണ്ടി വരും.

സ്കൂള്‍ ബോര്‍ഡിന്റെ ഭരണഘടനയനുസരിച്ച് ഒരു ട്രസ്റിക്കു ആ സ്ഥാനം രാജിവയ്ക്കുകയോ അവധിയെടുക്കുകയോ ചെയ്യാതെതന്നെ കൌണ്‍സിലര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാവുന്നതാണ് എന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണു തോമസ് അങ്കത്തിനു ഗോദയിലിറങ്ങിയത്.

വെള്ളക്കാരെ എന്നും അനുകൂലിക്കുന്ന പല മുഖ്യധാരാ മാധ്യമങ്ങളും തോമസിനെതിരേ രംഗത്തെത്തിയിട്ടുണ്െടങ്കിലും തോമസിന്റെ വിജയ സാധ്യതക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. ചില മാധ്യമങ്ങള്‍ വിജയസാധ്യതയുള്ള നാല് സ്ഥാനാര്‍ഥികളെ ഡിബേറ്റിനു തെരഞ്ഞെടുത്തപ്പോള്‍ തോമസിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇതിനു മറുപടിയെന്നോണം മറ്റൊരു പ്രാദേശിക ചാനലായ റോജേഴ്സ് ടിവി നടത്തിയ ഡിബേറ്റില്‍ തോമസ് നടത്തിയ പ്രകടനം വലിയ ജനശ്രദ്ധയാണു പിടിച്ചുപറ്റിയത്.

സ്കൂള്‍ ബോര്‍ഡ് ട്രസ്റി, ഒന്റാരിയോ സ്കൂള്‍ ബോര്‍ഡ് ട്രസ്റീസ് അസോസിയേഷന്‍ ഡയറക്ടര്‍, പനോരമ ഇന്ത്യ ഡയറക്ടര്‍, കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരി, ഫോമ റീജണല്‍ വൈസ് പ്രസിഡന്റ്, കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് മുന്‍ സെക്രട്ടറി, ഫൊക്കാനയുടെ ആദ്യ കാല പ്രസിഡന്റ് തുടങ്ങിയ ഒട്ടനവധി നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള തോമസ്, മിസിസാഗാ ലൈബ്രറി ബോര്‍ഡ്, മാള്‍ട്ടന്‍ കമ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പ്, മിസിസാഗാ ട്രാഫിക് സേഫ്റ്റി കൌണ്‍സില്‍ തുടങ്ങിയ ഒരു ഡസനിലേറെ കമ്മിറ്റികളില്‍ സജീവ അംഗമാണ്.

ഇലക്ഷന്‍ പ്രവര്‍ത്തങ്ങള്‍ക്കു വളരെയധികം വോളന്റിയര്‍മാരെ ആവശ്യമുള്ള ഈ സമയത്ത് കാനഡയിലുള്ള മുഴുവന്‍ മലയാളിസമൂഹത്തിന്റെയും സഹായവും പിന്തുണയും തോമസ് ആവശ്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ് സൈറ്റായ ംംം .ലഹലരവീാേേമവീാെേമ.രീാ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 416.845.8225 എന്ന നംബറില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു