മൈന്‍സില്‍ ഈസ്റര്‍ ആഘോഷിച്ചു
Thursday, April 16, 2015 8:22 AM IST
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈസ്റര്‍ ആഘോഷിച്ചു.

ഏപ്രില്‍ അഞ്ചിനു(ഞായര്‍) വൈകുന്നേരം നാലിനു മൈന്‍സിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തില്‍ ഫാ. വിനീത് വടക്കേക്കര എംഎസ്ജെ അര്‍പ്പിച്ച ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. ഡീക്കന്‍ ഡോ. ജോസഫ് തെരുവത്ത് ശുശ്രൂഷിയായിരുന്നു. ആരാധനമഠം സിസ്റേഴ്സ്, ജോയി വെള്ളാരംകാലായില്‍ എന്നിവരടങ്ങുന്ന ഗായകസംഘത്തിന്റെ ആലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.

തുടര്‍ന്നു ഇടവക ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷത്തില്‍ സമാജം പ്രസിഡന്റ് മത്തായി കുഞ്ഞുകുട്ടി സ്വാഗതം ആശംസിച്ചു. അസോസിയേഷന്റെ പരിപാടിയിലേക്ക് ആദ്യമായി എത്തിയ സണ്ണി, എല്‍സി മൈലാടൂര്‍ ദമ്പതികളുടെ മകളും അടുത്തിടെ വിവാഹിതയുമായ സമിത ഭര്‍ത്താവ് മാനുവല്‍, ജര്‍മനിയില്‍ പിഎച്ച്ഡി പഠനത്തിനെത്തിയ, കണ്ണൂര്‍ സ്വദേശി അമല, മൈന്‍സില്‍ താമസിക്കുന്ന അരുണിനെ സന്ദര്‍ശിക്കാനെത്തിയ മാതാവ് മിസിസ് ലോറന്‍സിനെയും പ്രസിഡന്റ് സദസിനു പരിചയപ്പെടുത്തി.

ഫാ. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ ആശംസാപ്രസംഗവും ജര്‍മനിയിലെ ആറു വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ഉപരിപഠനത്തിനായി നാട്ടിലേയ്ക്കു പോകുന്ന ഫാ. ബോബിന്‍ നടുത്തുണ്ടത്തില്‍ വിടവാങ്ങല്‍ പ്രസംഗവും നടത്തി.

തംബോലയ്ക്ക് നവദമ്പതികള്‍ ഒന്നാം സമ്മാനമായി സ്പോണ്‍സര്‍ ചെയ്ത കാഞ്ചിപുരം സാരി, വിജയിയായ വൈസ് പ്രസിഡന്റ ജോയി വെള്ളാരംകാലായിക്ക് എല്‍സി മൈലാടൂര്‍ നല്‍കി.

വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കു പുറമേ അടൂരും സംഘവും അവതരിപ്പിച്ച 'സ്വപ്നം സത്യം' എന്ന കഥാപ്രസംഗവും ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. പരിപാടികള്‍ മോഡറേറ്റ് ചെയ്ത സെക്രട്ടറി സെക്രട്ടറി ജിമ്മി മൂലക്കാട് നന്ദി പറഞ്ഞു.

ഗ്രോസ് ഗെരാവു സെന്റ് വാള്‍ബുര്‍ഗാ പള്ളിയില്‍ സേവനം ചെയ്യുന്ന ഫാ. വിനീത് വടക്കേക്കര എംഎസ്ജെ രചനയും സംഗീതവും നിര്‍വഹിച്ച് പുറത്തിറക്കിയ 'അകലാത്ത സ്നേഹം' എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബം ആഘോഷച്ചടങ്ങില്‍ പ്രകാശനം ചെയ്തു. രുചികരമായ ഈസ്റര്‍വിരുന്നോടെ ആഘോഷങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍