ഡിഎംഎ സ്ഥാപക ദിനാഘോഷം സമാപിച്ചു
Thursday, April 16, 2015 6:52 AM IST
ന്യൂഡല്‍ഹി: സഹൃദയ സഹശ്രങ്ങള്‍ക്കു ദൃശ്യശ്രാവ്യ വിരുന്നൊരുക്കി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം സമാപിച്ചു.

നാടന്‍ പാട്ടിന്റെ ശീലുകള്‍ക്കൊപ്പിച്ചു തെയ്യങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ ഡല്‍ഹി മലയാളികള്‍ കേരളത്തിലെ ഗ്രാമാന്തരീക്ഷത്തിന്റെ അനുഭൂതിയിലാറാടി. ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിലുള്ള വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയം ഡല്‍ഹി മലയാളി അസോസിയേഷന്റെ ഡിഎംഎ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ കലാസന്ധ്യയില്‍ പങ്കെടുക്കാനെത്തിയ മലയാളികളെക്കൊണ്ടു നിറഞ്ഞു. പ്രത്യേക ക്ഷണപ്രകാരം കേരളത്തില്‍നിന്ന് എത്തിച്ചേര്‍ന്ന 'പല്ലവി'യിലെ പ്രഗല്ഭ കലാകാരന്മാര്‍, തെയ്യത്തിന്റെയും നാടന്‍ പാട്ടിന്റെയും അകമ്പടിയോടെ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ പ്രേക്ഷകര്‍ വിഷുകൈനീട്ടമെന്നപൊലെ ഹൃദയപൂര്‍വം ഏറ്റുവാങ്ങി. കോമഡി ഷോ, വയലിന്‍ ഫ്യൂഷന്‍, ചാക്യാര്‍, സ്റാര്‍ സിംഗര്‍ ജേതാവ് ജോബി ജോണിന്റെ നേതൃത്വത്തില്‍ ഗാനമേള എന്നിവയും കലസന്ധ്യയുടെ പ്രത്യേകതകളായിരുന്നു.

ഡിഎംഎ പ്രസിഡന്റ് എ.ടി. സൈനുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ പ്രവാസികാര്യ മന്ത്രിയും എംപിയും ഡിഎംഎയുടെ രക്ഷാധികാരിയുമായ വയലാര്‍ രവി, കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പ്രസ് സെക്രട്ടറി ടു പ്രസിഡന്റ് ഓഫ് ഇന്ത്യാ, വേണു രാജാമണി, ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ജി. ശിവശങ്കരന്‍, പ്രഫ. ഓംചേരി എന്‍.എന്‍. പിള്ള, സി.എല്‍. ആന്റണി, മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, ഡിഎംഎ അഡിഷണല്‍ ജനറല്‍ സെക്രട്ടറി എന്‍.സി. ഷാജി, ട്രഷറര്‍ പി. രവീന്ദ്രന്‍, ഇന്റര്‍ണല്‍ ഓഡിറ്റര്‍ സി.ബി. മോഹനന്‍, ജോയിന്റ് ഇന്റേണല്‍ ഓഡിറ്റര്‍ വി.എം. മേനോന്‍, ആഘോഷ കമ്മിറ്റി കണ്‍വീനറും ജോയിന്റ് ട്രഷററുമായ എ. മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഞ്ചു ദശാബ്ദക്കാലം ഡിഎംഎയെ നയിച്ച മുന്‍ ജനറല്‍ സെക്രട്ടറി സി.എല്‍. ആന്റണിയെ ഡിഎംഎ വിശിഷ്ഠ സേവാ പുരസ്കാരം നല്‍കി ആദരിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും ചടങ്ങില്‍ സമ്മാനിച്ചു.

2015ല്‍ പദ്മവിഭൂഷന്‍ നേടിയ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, നവതി ആഘോഷിക്കുന്ന നാടകാചാര്യന്‍ പ്രഫ. ഓംചേരി എന്‍.എന്‍. പിള്ള, മുംബൈ മാരത്തോണ്‍ വിജയി പി.കെ.എന്‍. നമ്പ്യാര്‍, ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ കേരള ഫയര്‍ ഫോഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറും നീന്തല്‍ വിദഗ്ദനുമായ എസ്.പി. മുരളീധരന്‍ (അഡ്വഞ്ചറസ് സ്വിമ്മിംഗ്), ചാരുതയാര്‍ന്ന കൈയെഴുത്തിലൂടെ പ്രസിദ്ധനായ പി.പി. ശ്യാമളന്‍ (കാലിഗ്രാഫി), സ്തുത്യര്‍ഹ സേവനത്തിനു പ്രസിഡന്റിന്റെ പോലീസ് മെഡല്‍ നേടിയ ജയാ നായര്‍ (വിജയലക്ഷ്മി), ബിഎസ്എഫ് അസിസ്റന്റ് കമാണ്ടന്റ് പി.വി. ഗിരിവാസന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ഓള്‍ ഇന്ത്യ റേഡിയോയിലെ മുന്‍ ന്യൂസ്കാസ്റര്‍ ഗോപനും ജിഷാ ജയിംസുമായിരുന്നു പരിപാടികളുടെ അവതാരകര്‍. സ്ഥാപക ദിനാഘോഷ പരിപാടികളില്‍ ഡിഎംഎയുടെ 25 ശാഖകളില്‍നിന്നുമുള്ള കുടുംബങ്ങളും മുന്‍ വൈസ് പ്രസിഡന്റ് യു. രാധാകൃഷ്ണന്‍, മുന്‍ ജനറല്‍ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍, കെ. മാധവന്‍ നായര്‍, എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍, ബാബു പണിക്കര്‍, ആര്‍.ആര്‍. നായര്‍, ലീലാ ഓംചേരി, കെ.എന്‍. ജയരാജ് തുടങ്ങി സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി