ഷിഫ അല്‍ജസീറ അല്‍നാഹില്‍ പ്രവാസി കലോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, April 16, 2015 6:44 AM IST
കുവൈറ്റ് സിറ്റി: സര്‍ഗശക്തി സമൂഹനന്മക്ക് എന്ന പ്രമേയവുമായി കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ കുവൈറ്റ് ഏപ്രില്‍ 17 ന് (വെള്ളി) അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ഷിഫ അല്‍ജസീറ അല്‍നാഹില്‍ പ്രവാസി കലോത്സവം 2015 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

10 വേദികളിലായി രാവിലെ 8.30ന് ആരംഭിക്കുന്ന കലോത്സവത്തില്‍ വൈവിധ്യമാര്‍ന്ന 70 ഓളം കലാവൈജ്ഞാനിക മത്സരങ്ങള്‍ അരങ്ങേറും. അബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹാഹീല്‍ എന്നീ നാലു സോണുകള്‍ തിരിച്ച് നടക്കുന്ന മത്സരങ്ങളില്‍ ആയിരത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുക്കും. കുവൈറ്റിലെ ഗായകര്‍ അണിനിരക്കുന്ന ലുലു എക്സ്ചേഞ്ച് ഗാനമേളയും പ്രായഭേദമന്യേ ചിത്രകാരന്മാര്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രരചനാ മത്സരം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് നിറക്കൂട്ടും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അടിക്കുറിപ്പ് മത്സരവും കലോത്സവത്തിന്റെ മുഖ്യാകര്‍ഷണമായിരിക്കും. കുവൈറ്റിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിധികര്‍ത്താക്കളാകുന്ന കലോത്സവത്തിനു കുവൈറ്റിന്റെ എല്ലാ ഭാഗത്തുനിന്നും വാഹന സൌകര്യം ലഭ്യമാണ്. വാഹന സൌെകര്യം ആവശ്യമുള്ളവര്‍ 65667981 (സാല്‍മിയ), 97601023 (അബാസിയ), 60992324 (ഫര്‍വാനിയ), 51177947 (ഫഹാഹീല്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍