ഗ്ളോബല്‍ കേരളൈറ്റ്സ് ബിസിനസ് ഫോറം കുടുംബസംഗമം ശ്രദ്ധേയമായി
Thursday, April 16, 2015 6:35 AM IST
റിയാദ് - റിയാദില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഗ്ളോബല്‍ കേരളൈറ്റ്സ് ബിസിനസ് ഫോറത്തിന്റെ (കെബിഎഫ്) പ്രഥമ കുടുംബസംഗമം റിയാദ് പാലസ് ഹോട്ടലില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു.

ഇരുനൂറോളം പേര്‍ പങ്കെടുത്ത സംഗമം ബിസിനസ് പ്രമുഖനും തെലുങ്കാന ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്മെന്റ് ഫോറത്തിന്റെ ചെയര്‍മാനുമായ ഡോ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെബിഎഫ് ചെയര്‍മാന്‍ നാസര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെബിഎഫിന്റെ ലോഗോ പ്രകാശനം പ്രമുഖ മിമിക്രി താരവും ടിവി അവതാരകനുമായ രമേശ് പിഷാരടി നിര്‍വഹിച്ചു.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഇത്തരത്തിലുള്ള കൂട്ടായ്മ നാട്ടിലും ആവശ്യമാണെന്നും സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാനും മറ്റേത് സംഘടനകളേക്കാളും ബിസിനസ് സമൂഹത്തിനു സാധിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു.

വൈസ് പ്രസിഡന്റുമാരായ നസീര്‍ പള്ളിവളപ്പില്‍, സൂരജ് പാണയില്‍, മുഖ്യ രക്ഷാധികാരി മുഹമ്മദലി മുണ്േടാടന്‍, സജി ജോസ്, അഹ്മദ് കോയ ഫ്ളീരിയ, നാസര്‍ നാഷ്കോ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

പ്രവേശന കൂപ്പണ്‍ ഭാഗ്യനറുക്കെടുപ്പില്‍ സമ്മാനിതരായ നൂറ്റിയമ്പതോളം പേര്‍ക്ക് വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ അംഗങ്ങള്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്തു.

റിയാദിലെ പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ താരിഖ് അഹ്മദും സംഘവും അവതരിപ്പിച്ച ഗസല്‍സന്ധ്യ സദസിനു അവിസ്മരണീയമായി. മലയാളി സമൂഹത്തിലെ ഒട്ടേറെ ബിസിനസ് പ്രമുഖരോടൊപ്പം ഉത്തരേന്ത്യക്കാരായ ബിസിനസുകാരും പരിപാടിയില്‍ പങ്കാളികളായി.

റിയാദിലെ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനും ബിസിനസ് വളര്‍ച്ചക്കുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെബിഎഫ് പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹമുള്ള ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തം ബയോഡാറ്റ സയളമൌെറശ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയക്കുക. ജനറല്‍ കണ്‍വീനര്‍ അഷ്റഫ് വേങ്ങാട്ട് സ്വാഗതവും ആഷിഖ് മാഹി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍