ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ : രാഷ്ട്രപതിക്കു നിവേദനം സമര്‍പ്പിച്ചു
Thursday, April 16, 2015 5:21 AM IST
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളിന്റെ ഭരണരംഗത്തുള്ള കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയും ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ആക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ പ്രസിഡന്റിനു മെമ്മോറാണ്ടം സമര്‍പ്പിച്ചു. ആയിരക്കണക്കിനു ഇന്ത്യക്കാരുടെയും രക്ഷിതാക്കളുടെയും ഒപ്പുശേഖരിച്ചാണ് മെമ്മോറാണ്ടം ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് അയച്ചുകൊടുത്തത്. കഴിഞ്ഞ എതാനം നാളുകളായി ഇതിനായി ബഹുജനങ്ങളില്‍നിന്നും കുട്ടികളുടെ രക്ഷിതാക്കളില്‍നിന്നും ഒപ്പുശേഖരണം നടക്കുകയായിരുന്നു. ഇന്ത്യന്‍ സ്കൂളിന്റെ ഇപ്പോഴത്തെ ഭരണസമിതി ജനാധിപത്യ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കണമെന്നും ഭരണസമിതി ഇന്ത്യന്‍ എംബസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കണമെന്നും മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെടുന്നു.

ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു കടവില്‍, റീവന്‍ ഡിസൂസ, വിനോദ് അടൂര്‍ എന്നിവര്‍ ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജയിനെ സന്ദര്‍ശിച്ച് ഇന്ത്യന്‍ സ്കൂളും അതിന്റെ സ്ഥാവരജംഗമ സ്വത്തുകളും പുതുതായി ഇന്ത്യന്‍ സ്കൂളിനു കുവൈറ്റ് സര്‍ക്കാര്‍ അനുവദിച്ച സ്ഥലവും നിയമാസനുസൃതമായി ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടേതായിതന്നെ നിലനിര്‍ത്താനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള ഇന്ത്യന്‍ സ്കൂള്‍ ഭരണഘടനയില്‍ സ്കൂള്‍ ഭരണം സംബന്ധിച്ചു നിലനില്‍കുന്ന അപാകതകള്‍ പരിഹരിക്കാണു സുതാര്യത ഉറപ്പു വരുത്തുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണംന്നും ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്കൂളിന്റെ ഭരണത്തിനായി തെരഞ്ഞെടുക്കുന്ന ബോര്‍ഡിലേക്കു വരുന്നവര്‍ ഇന്ത്യന്‍ സാമൂഹ്യ സാംസകാരിക സംഘടനകളുടെയും, രക്ഷിതാക്കളുടെയും അധ്യാപകരുടെയും, ഇന്ത്യന്‍ എംബസിയുടെ പ്രതിനിധികളും ചേര്‍ന്നതായിരിക്കണമെന്നും ബോര്‍ഡ് ചെയര്‍മാന്റെ കാലാവധി സ്കൂളിന്റെ ആദ്യ ഭരണഘടനയില്‍ അനുശാസിക്കുന്നതുപോലെ മൂന്നു വര്‍ഷമായും സെക്രട്ടറിയുള്‍പ്പടെയുള്ളവരുടെ ഭരണസമിതിയംഗളുടെ കാലാവധി രണ്ടു വര്‍ഷമായും ചുരുക്കി ഭരണഘടനയില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജയിന്‍ മെമ്മോറാണ്ടം സമര്‍പ്പിച്ച പ്രതിനിധി സംഘത്തെ അറിയിച്ചു.

1999 ഒന്‍പതിനു ശേഷം നടന്ന സ്കൂളിന്റെ സാമ്പത്തിക ഭരണകാര്യങ്ങളെക്കുറിച്ചു ഒരു സോഷ്യല്‍ ഓഡിറ്റു നടത്തണമെന്നു അതു ഒരു ധവളപത്രമായി പ്രസിദ്ധപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നു. കുവൈറ്റിലെ കോടതികളില്‍നിന്നും ഇന്ത്യന്‍ സ്കൂളിനു അനുകൂലമായി ലഭിച്ച 400 കുവൈറ്റി ദിനാര്‍ മുന്‍ ഭരണക്കാര്‍ തട്ടിച്ച കേസിലെ അനുകൂലമായ വിധി നടപ്പാക്കാനും തട്ടിയെടുത്ത സ്കൂളിന്റെ പണം തിരികെ കൊണ്ടുവരനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തിലേറെയായി ഭരണഘടനാവിരുദ്ധമായി കാലാവധികഴിഞ്ഞും അനധികൃതമായി തുടരുന്ന സ്കൂളിന്റെ കൌണ്‍സില്‍ ഓഫ് എല്‍ഡേഴ്സിനെ പിരിച്ചു വിട്ടു പുതിയ എല്‍ഡേഴ്സ് കൌണ്‍സില്‍ രൂപവത്കരിക്കണമെന്നും, കാലാവധികഴിഞ്ഞും സ്കൂള്‍ ബോര്‍ഡില്‍ തുടരുന്ന അഗങ്ങള്‍ ഒഴിഞ്ഞുപോകണമെന്നും മെമ്മോറണ്ടം ആവശ്യപ്പെടുന്നു. മെമ്മോറാണ്ടത്തിന്റെ കോപ്പികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും, വിദേശകാര്യ വകുപ്പു മന്ത്രിക്കും, മാനവ വിഭവ ശേഷിമന്ത്രിക്കും സമര്‍പ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍