എന്‍എജിസിയുടെ പ്രവര്‍ത്തനോദ്ഘാടനം പ്രൌഢഗംഭീരമായി
Thursday, April 16, 2015 5:20 AM IST
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ (എന്‍എജിസി) പ്രവര്‍ത്തനോദ്ഘാടനം ഡസ്പ്ളെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.

ജയരാജ് നാരായണന്റെ പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റ് എം.എന്‍.സി. നായര്‍ ഏവരെയും സ്വാഗതം ചെയ്തു. സംഘടനയില്‍ ഒത്തൊരുമയോടുകൂടി പ്രവര്‍ത്തിച്ച് ശക്തമായി മുന്നോട്ടുനീങ്ങണമെന്നും, അതുപോലെതന്നെ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് സംഘടനയെ ശക്തിപ്പെടുത്താന്‍ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്നും പ്രസിഡന്റ് അദ്ദേഹത്തിന്റെ സ്വാഗതപ്രസംഗത്തിലൂടെ ഏവരെയും ഓര്‍മ്മിപ്പിച്ചു.

എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക പ്രസിഡന്റും, കെഎച്ച്എന്‍എയുടെ സ്ഥാപക പ്രസിഡന്റുമായ മന്മഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചു. എന്‍എസ്എസ് നോര്‍ത്ത് അമേരിക്കയില്‍ രൂപവത്കരിച്ചതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും, അതിന്റെ ഉദ്ദേശ്യവും ഭാവി പരിപാടികളും വളരെ കൃത്യമായി മന്മഥന്‍ നായര്‍ സദസിന് വിശദീകരിച്ചുകൊടുത്തു.

എന്‍എജിസി രൂപവത്കരിക്കുവാന്‍ ഷിക്കാഗോയില്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചവരില്‍ സീനിയറായ വാസുദേവന്‍ പിള്ളയെയും, ശ്രീനിവാസ കുറുപ്പിനെയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സംഘടനാ രൂപവത്കരണത്തെക്കുറിച്ചു രണ്ടു പേരും വിശദമായി സംസാരിച്ചു.

പി.എസ് നായര്‍, സതീശന്‍ നായര്‍, ശിവന്‍ മുഹമ്മ തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. കെ.എച്ച്.എന്‍.എ ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പിള്ള കെഎച്ച്എന്‍എ കണ്‍വന്‍ഷനെക്കുറിച്ചു വിശദമായി സംസാരിച്ചു. എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബോര്‍ഡ് മെമ്പര്‍ മല്ലികാ രാധാകൃഷ്ണന്‍ (ഡാളസ്), നായര്‍ ബെനവലന്റ് അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍ രമണി പിള്ള (ന്യൂയോര്‍ക്ക്) എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ജയന്‍ മുളങ്ങാടിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടി. മറ്റു വിവിധ പരിപാടികള്‍ക്ക് രഘുനാഥന്‍ നായര്‍, ജി.കെ. പിള്ള, രാജഗോപാലന്‍ നായര്‍, ഡോ. സുനിത നായര്‍, പ്രസാദ് പിള്ള, സുരേഷ് നായര്‍, രാധാകൃഷ്ണന്‍ നായര്‍, സുരേഷ് ബാലചന്ദ്രന്‍, അജയ് മാക്കുണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദേവി സജിത് ചടങ്ങില്‍ എംസിയായിരുന്നു. വിജി നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സദ്യയോടെ ചടങ്ങുകള്‍ പര്യവസാനിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം